തിരുവല്ല : സർക്കാർ നെല്ല് സംഭരിച്ച് രണ്ടരമാസം കഴിഞ്ഞിട്ടും പണം കിട്ടാതെ കർഷകർ ബുദ്ധിമുട്ടുന്നു. സിവിൽ സപ്ലൈസ് മുഖേന കർഷകരുടെ പക്കൽ നിന്ന് മേയ് പകുതിയോടെ സ്വകാര്യ മില്ലുകൾ സംഭരിച്ച നെല്ലിന്റെ വിലയാണ് ഇനിയും ലഭിക്കാത്തത്. മുൻ വർഷങ്ങളിൽ ഒരുമാസം കഴിയുന്നതോടെ നെല്ലിന്റെ വില ലഭിച്ചിരുന്നതായി കർഷകർ പറഞ്ഞു. എന്നാൽ ഇത്തവണ വില കിട്ടാൻ വൈകുന്നതിനാൽ കർഷകർ പലരും നെട്ടോട്ടത്തിലാണ്. കടം വാങ്ങിയും വായ്പയെടുത്തും സ്വർണ്ണം പണയപ്പെടുത്തിയുമാണ് ഭൂരിഭാഗം കർഷകരും കൃഷിക്ക് പണം കണ്ടെത്തുന്നത്. സർക്കാരിൽ നിന്ന് പണം കൃത്യമായി കിട്ടുമ്പോൾ വായ്പ തിരിച്ചടയ്ക്കാമെന്ന പ്രതീക്ഷയിലാണ് കർഷകർ. എന്നാൽ പണം കിട്ടാൻ വൈകുന്നതോടെ വായ്പയുടെ തിരിച്ചടവ് മുടങ്ങുന്നത് പ്രതിസന്ധിയിലാക്കുന്നു. നെല്ല് കൊടുത്തപ്പോൾ കിട്ടിയ രസീത് ബാങ്കിൽ കൊടുത്ത് പണം ഇന്നോ നാളെയോ വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് കർഷകർ. ഓണക്കാലം അടുത്തെത്തിയിട്ടും പണം കിട്ടാതായതോടെ ഓണത്തിന് മുമ്പ് പണം കിട്ടുമോ എന്ന ആശങ്കയും പങ്കുവയ്ക്കുന്നു. ഇത്തവണ മഴകാരണം വൈകി വിതച്ചതും വിളവെടുത്തതും തിരിച്ചടിയായി.
വിളവും ചതിച്ചു
ഒരു ഹെക്ടറിൽ (2.47 ഏക്കർ) നെൽകൃഷി ചെയ്യുമ്പോൾ 5.5 ടൺ വരെ നെല്ല് ലഭിക്കണമെന്നാണ് കണക്ക്. ഇതുപ്രകാരം വിളവ് ലഭിച്ചാൽ കർഷകർക്ക് കൃഷി നല്ല ലാഭകരമാകും. എന്നാൽ കാലം തെറ്റിയ കാലാവസ്ഥയിൽ ഈ സീസണിലെ മിക്ക കർഷകർക്കും മോശം വിളവാണ് ലഭിച്ചത്. കവിയൂർ പുഞ്ചയിലെ വെണ്ണീർവിള പാടത്ത് എട്ട് ഹെക്ടറിൽ കൃഷി ചെയ്തപ്പോൾ ലഭിച്ചത് 4 ടൺ വിളവ് മാത്രമാണെന്ന് കർഷകൻ പരാതിപ്പെട്ടു. മഴകാരണം കൊയ്ത്ത് വൈകിയതും നെല്ലിലെ ഈർപ്പവുമെല്ലാം ഭൂരിഭാഗം കർഷകർക്കും ദോഷമായി.
മേയ് 10 വരെ സംഭരിച്ച നെല്ലിന്റെ വില കർഷകർക്ക് നൽകിയിട്ടുണ്ട്. അതിനുശേഷം സംഭരിച്ച നെല്ലിന്റെ വില അടുത്ത ഗഡുവിൽ വിതരണം ചെയ്യും. ഓണത്തിന് മുമ്പുതന്നെ കർഷകർക്കെല്ലാം നെല്ലിന്റെ വില നൽകാനുള്ള പരിശ്രമത്തിലാണ്.
(പാഡി മാർക്കറ്റിംഗ് ഓഫിസർ)