panchayatah-
റാന്നി പഞ്ചായത്ത് പ്രസിഡൻ്റ് പ്രകാശ് കുഴിക്കാലയുടെ നേതൃത്വത്തിൽ കുത്തുകല്ലുങ്കൽപടി - മന്ദിരം തിരുഭാവരണ പാതയിൽ കോൺക്രീറ്റ് ബെഞ്ചുകളുടെ നിർമ്മാണം ആരംഭിച്ചപ്പോൾ

റാന്നി : കുത്തുകല്ലുംപടി - മന്ദിരം തിരുവാഭരണ പാതയിൽ കുടിവെള്ള സ്രോതസുകളിൽ കക്കൂസ് മാലിന്യം തള്ളുന്നത് തടയാൻ റാന്നി പഞ്ചായത്ത് പുതിയ പദ്ധതികൾക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി റോഡിന്റെ ഒരു കിലോമീറ്റർ ഭാഗം ഹൈടെക് ആക്കി മാറ്റും. വാഹനങ്ങളിലെത്തി രാത്രികാലങ്ങളിൽ മാലിന്യം തള്ളുന്നത് തടയാൻ ക്യാമറകളും, അയ്യപ്പഭക്തർക്കും നാട്ടുകാർക്കും വിശ്രമിക്കാനായി കോൺക്രീറ്റ് ബെഞ്ചുകളും സ്ഥാപിക്കും. നേരത്തെയും ഈ പാതയിൽ മാലിന്യം തള്ളിയ സംഭവങ്ങളിൽ കേസെടുക്കുകയും വാഹനങ്ങൾ കണ്ടുകെട്ടുകയും ചെയ്തിരുന്നു. എന്നിട്ടും വീണ്ടും മാലിന്യം തള്ളുന്നത് തുടർന്ന സാഹചര്യത്തിലാണ് പഞ്ചായത്ത് ശക്തമായ നടപടികളുമായി മുന്നോട്ട് വന്നിരിക്കുന്നത്. വിശ്രമകേന്ദ്രങ്ങളുടെ ഭാഗമായി ബെഞ്ചുകൾ സ്ഥാപിക്കുന്നതിനൊപ്പം പൂച്ചെടികളും നട്ടുപിടിപ്പിക്കുന്നുണ്ട്. ഇത് പ്രദേശത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുകയും, ആളുകൾക്ക് നടക്കാനും വിശ്രമിക്കാനുമുള്ള മനോഹരമായ ഒരിടം ഒരുക്കുകയും ചെയ്യും. സീസൺ സമയത്ത് അയ്യപ്പഭക്തർക്കും, അല്ലാത്തപ്പോൾ നാട്ടുകാർക്കും ഈ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താം. മാലിന്യം തള്ളുന്നത് കണ്ടെത്താനും കുറ്റവാളികളെ പിടികൂടാനുമാണ് പ്രധാനമായും ക്യാമറകൾ സ്ഥാപിക്കുന്നത്. ശുചിമുറികൾ കൂടി നിർമ്മിക്കാൻ പദ്ധതിയുണ്ടെന്നും അറിയുന്നു. റാന്നി പഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് കുഴിക്കാലയുടെ നേതൃത്വത്തിൽ ബെഞ്ചുകളുടെ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു.