വള്ളിക്കോട് : ഓണവിപണി ലക്ഷ്യമിട്ട് നട്ടുവളർത്തിയ കരിമ്പ് പൂത്തതോടെ വള്ളിക്കോട്ട് ഇനി വിളവെടുപ്പ് കാലം. മായാലിൽ, വാഴമുട്ടം, വാഴമുട്ടം കിഴക്കൻ ഭാഗങ്ങളിലാണ് കരിമ്പ് കൃഷി . വള്ളിക്കോടിന്റെ മധുരപ്പരുമ വീണ്ടെടുക്കാൻ പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും നേതൃത്വത്തിൽ ഒരുകൂട്ടം യുവ കർഷകർ നടത്തിയ പരിശ്രമമാണ് വിജയത്തിലെത്തിയിരിക്കുന്നത്. ഇപ്പോൾ നിരവധി കർഷകർ കരിമ്പുകൃഷിയുമായി ബന്ധപ്പെട്ട് രംഗത്തുണ്ട്. .
ഓണവിപണിയിലേക്ക് ഇത്തവണ പന്ത്രണ്ട് ടൺ ശർക്കരയാണ് ലക്ഷ്യമിടുന്നത്. ഇതിനായുള്ള വിളവെടുപ്പ് കഴിഞ്ഞ ദിവസങ്ങളിൽ തുടങ്ങി. പന്തളം കൃഷി ഫാമിൽ നിന്നെത്തിച്ച മാധുരി ഇനത്തിൽപ്പെട്ട കരിമ്പ് തലക്കവും മറയൂർ കരിമ്പ് ഉല്പാദക സംഘത്തിൽ നിന്ന് എത്തിച്ച സി.എ 86032 ഇനം തലക്കവുമാണ് ഇത്തവണ കൃഷി ചെയ്തത്. ഒരുകാലത്ത് വള്ളിക്കോടിന്റെ മുഖമുദ്ര യായിരുന്നു നെല്ലുപോലെ തന്നെ കരിമ്പ് കൃഷിയും. ഏക്കറ് കണക്കിക്ക് സ്ഥലങ്ങളിൽ വ്യാപിച്ചു കിടന്നിരുന്ന കരിമ്പിൻപാടങ്ങൾ നിരവധി ചലച്ചിത്രങ്ങളിലൂടെ വെള്ളിത്തിരയിലും സ്ഥാനം പിടിച്ചിരുന്നു. രാവും പകലും പ്രവർത്തിച്ചിരുന്ന 12 ശർക്കര ചക്കുകളാണ് ഒരുകാലത്ത് പഞ്ചായത്തിൽ ഉണ്ടായിരുന്നത്.
വള്ളിക്കോട് ശർക്കരയ്ക്ക് ഡിമാൻഡ്
ഒരിക്കൽ അന്യംനിന്നുപോയ കരിമ്പ് കൃഷി മൂന്ന് വർഷം മുമ്പ് സജീവമായതോടെയാണ് ശുദ്ധമായ വള്ളിക്കോട് ശർക്കര വീണ്ടും ഓണ വിപണിയിലെ താരമായത്. മൂന്ന് വർഷം മുമ്പ് ശർക്കര ഉൽപാദനം പുനരാരംഭിച്ചപ്പോൾ നാല് ടണ്ണാണ് വിറ്റത്. തുടർന്നുള്ള വർഷത്തിൽ ആറ് ടണ്ണും കഴിഞ്ഞ വർഷം പത്ത് ടണ്ണും വിറ്റുപോയി. മുൻ വർഷങ്ങളിലെ വിറ്റുവരവിന്റെ ആവേശത്തിലാണ് കർഷകർ ഇത്തവണ കൂടുതൽ കൃഷിയിറക്കിയത്.
കഴിഞ്ഞ തവണ ലഭിച്ച വരുമാനം : 17 ലക്ഷം രൂപ.
കഴിഞ്ഞ തവണത്തെ വില : 170 രൂപ (ഒരു കിലോ)
ചുരുങ്ങിയ കാലംകൊണ്ടാണ് വള്ളിക്കോട് ശർക്കര നഷ്ടപ്രതാപം വീണ്ടെടുത്തത്. കരിമ്പ് കൃഷി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും. പഞ്ചായത്തും കൃഷി ഭവനും കർഷകർക്ക് പൂർണപിന്തുണ നൽകുന്നുണ്ട്.
ആർ. മോഹനൻ നായർ (വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)