കോന്നി: ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിലെ തണ്ണിത്തോട്, കോന്നി, മലയാലപ്പുഴ, അരുവാപ്പുലം, കലഞ്ഞൂർ പഞ്ചായത്തുകളിലെ ജനവാസ മേഖലകളിൽ വന്യമൃഗശല്യം രൂക്ഷം. തണ്ണിത്തോട് പഞ്ചായത്തിലെ പൂച്ചക്കുളം, മൂർത്തിമൺ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ കാട്ടാന ശല്യംമൂലം ഇവിടെനിന്ന് താമസം മാറുകയാണ്. കോന്നി - തണ്ണിത്തോട് വനപാതയിൽ കാട്ടാനകളുടെ സാന്നിദ്ധ്യം പതിവാണ്. വനപാതയിലെ 7 സ്ഥലങ്ങളിൽ ആനത്താരകളുണ്ട്. തണ്ണിത്തോട് മൂഴിയിൽ രണ്ട് മാസങ്ങൾക്ക് മുമ്പ് കടുവയെ കണ്ടിരുന്നു. രാത്രിയിൽ പട്രോളിംഗ് നടത്തിയ തണ്ണിത്തോട് പൊലീസാണ് ജനവാസ മേഖലയോട് ചേർന്ന സ്ഥലത്തെ വനപാതയിൽ കടുവയെ കണ്ടത്. കോന്നി പഞ്ചായത്തിലെ അതുമ്പുംകുളം, ഞള്ളൂർ, ആവോലികുഴി, താവളപ്പാറ തുടങ്ങിയ സ്ഥലങ്ങളിൽ കാട്ടാന ശല്യം പതിവാണ്. മലയാലപ്പുഴ വടശേരിക്കര പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന മുക്കുഴി കുമ്പളത്താമൺ മേഖലകളിൽ കാട്ടാനകളുടെയും കാട്ടുപോത്തുകളുടെയും ശല്യം വർദ്ധിക്കുന്നു. വടശേരിക്കര ഫോറസ്റ്റ് റേഞ്ചിലെ വനപാലകർ രാത്രിയിലും പകലും ഇവിടെ പട്രോളിംഗ് നടത്തുകയാണ്.
മലയാലപ്പുഴ പഞ്ചായത്തിലെ കടവുപുഴയിൽ കല്ലാറ് കടന്നാണ് കാട്ടാനകൾ ഹാരിസൺ മലയാളം പ്ലാന്റേഷന്റെ റബർ തോട്ടത്തിലെത്തുന്നത്. കാട്ടാന ശല്യം തടയുവാൻ ഹാരിസൺ മലയാളം പ്ലാന്റേഷൻ ഹാങ്ങിങ് സോളാർ വേലികൾ സ്ഥാപിച്ചു. അരുവാപ്പുലം പഞ്ചായത്തിലെ കൊക്കാത്തോട്, വയക്കര, കല്ലേലി തുടങ്ങിയ സ്ഥലങ്ങളിലും കാട്ടാന ശല്യം വർദ്ധിക്കുന്നു. കോന്നി -കൊക്കാത്തോട് വനപാതയിലെ കല്ലേലി ചെക്ക് പോസ്റ്റ്, ശിവ ചാമുണ്ഡി ക്ഷേത്രം, മന്തിക്കാന, വയക്കര തുടങ്ങിയ പ്രദേശങ്ങളിൽ രാത്രിയിലും പകലും കാട്ടാനകൾ നിലയുറപ്പിക്കുന്നു.
കലിയിളകി കാട്ടാനയും പുലിയും
1. ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കല്ലേലി തോട്ടത്തിൽ നിരവധിതവണ തൊഴിലാളികൾക്ക് നേരെ കാട്ടാന ആക്രമണം ഉണ്ടായി പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. . പഞ്ചായത്തിലെ ഊട്ടുപാറയിൽ പുലി വീടിനു സമീപം എത്തിയത് നാട്ടുകാരിൽ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.
2. കുളത്തുമണ്ണിലെ ജനവാസ മേഖലയിൽ കാട്ടാനകൾ ഇറങ്ങുന്നത് പതിവായതോടെ വനം വകുപ്പ് ഇവിടെ കാട്ടാനകളെ തുരത്താൻ പ്രത്യേക ദൗത്യം ആരംഭിച്ചിരുന്നു. കല്ലേലിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന വീടിന്റെ ഗേറ്റ് തകർക്കുകയും സ്കൂളിന്റെ കോമ്പൗണ്ടിൽ കയറുകയും ചെയ്തിരുന്നു.
3 കോന്നി തണ്ണിത്തോട് വനപാതയിലെ നടുവത്തുമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസിന് സമീപം റോഡിൽ കാട്ടാന പനമരം പിഴുതിട്ടതിനെ തുടർന്ന് ഗതാഗത തടസവും വൈദ്യുതി തകരാറും ഉണ്ടായി.
4 കലഞ്ഞൂർ പഞ്ചായത്തിലെ പോത്തുപാറ, കുളത്തു മൺ ,പൂമരുതിക്കുഴി, ഇഞ്ചപ്പാറ ,പാക്കണ്ടം മേഖലകളിൽ പുലി ഇറങ്ങിയിരുന്നു. പൂമരുതികുഴിയിൽ വളർത്തുനായയെ ഓടിച്ചുകൊണ്ട് പുലി വീട്ടിൽ കയറിയിരുന്നു.