കോന്നി: പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയിലെ മുറിഞ്ഞകൽ ജംഗ്ഷനിൽ ബസ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. ഇന്നലെ ഉച്ചയ്ക്ക് മൂന്നിനായിരുന്നു അപകടം. പത്തനാപുരത്ത് നിന്നും ബാംഗ്ലൂർക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. മുറിഞ്ഞകൽ ജംഗ്ഷനിൽ റോഡിൽ കുഴികൾ രൂപപ്പെട്ടതിനെ തുടർന്ന് റോഡിന്റെ ഒരു ഭാഗത്തെ ഗതാഗതം ഡിവൈഡർ ഉപയോഗിച്ച് നിയന്ത്രിച്ചിരുന്നു. ഇതിനെ തുടർന്ന് റോഡിൽ വാഹനങ്ങൾക്ക് കടന്നു പോകുവാൻ ഉള്ള വീതി കുറവായിരുന്നു അപകട സമയത്ത് അതിരുങ്കൽ ഭാഗത്തുനിന്നും ഇറക്കം ഇറങ്ങിവന്ന ലോറിയിൽ ബസ് ഇടിക്കാതിരിക്കുവാൻ ഡ്രൈവർ ബസ് ഇടത്തേക്ക് തിരിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു.