റാന്നി: സംസ്ഥാനപാതയിലും സമീപ റോഡുകളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്ന് റാന്നി ടൗണിൽ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്ക്. മടത്തുംചാൽ-മുക്കൂട്ടുതറ റോഡ് നിർമ്മാണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണങ്ങൾ പാളിയതാണ് വലിയ ബ്ലോക്കിന് കാരണമായത്. ചെത്തോങ്കര മുതൽ ബ്ലോക്ക്പടി വരെ നീണ്ട ഗതാഗതക്കുരുക്കിൽ അത്യാവശ്യ വാഹനങ്ങൾ ഉൾപ്പെടെ മണിക്കൂറുകളോളം കുടുങ്ങിക്കിടന്നു. ഇന്നലെ രാവിലെ 11 മുതൽ 12 വരെയാണ് ഇത്തരത്തിൽ ഗതാഗതക്കുരുക്ക് ഉണ്ടായത്.
ആഗസ്റ്റ് 9, 10 തീയതികളിൽ മർത്തോമ ആശുപത്രി മുതൽ ബൈപാസ് വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെആർഎഫ്ബി നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, ടൗണിലെ വൺവേ സംവിധാനം ഒഴിവാക്കി ഇരുവശത്തേക്കും വാഹനങ്ങൾ കടത്തിവിട്ടതോടെ സ്ഥിതി കൂടുതൽ വഷളായി. സാധാരണയായി 10 മിനിറ്റ് കൊണ്ട് എത്തേണ്ട ദൂരം പിന്നിടാൻ ഗതാഗതക്കുരുക്ക് കാരണം ഒരു മണിക്കൂറിലധികം എടുത്തു.
പൊലീസ് ഇടപെട്ട് ഗതാഗതം നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും, കുരുക്ക് പൂർണ്ണമായും ഒഴിവാക്കാൻ ഏറെ സമയമെടുത്തു. സംസ്ഥാനപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമ്പോൾ പൊലീസ് കൂടുതൽ ജാഗ്രത പുലർത്തേണ്ടിയിരുന്നുവെന്ന് യാത്രികർക്കിടയിൽ വിമർശനമുയരുന്നുണ്ട്. നിർമ്മാണം പൂർത്തിയാകാത്ത പുതിയ പാലം പ്രവർത്തനസജ്ജമായിരുന്നെങ്കിൽ ഈ പ്രതിസന്ധി ഒഴിവാക്കാമായിരുന്നെന്നും യാത്രക്കാർ അഭിപ്രായപ്പെടുന്നു.