ഇളമണ്ണൂർ : ഏനാദിമംഗലം പഞ്ചായത്ത് സ്റ്റേഡിയത്തിലെ ഓപ്പൺ എയർ ഹാൾ ഓഡിറ്റോറിയം ഹരിതകർമ്മ സേനയുടെ മാലിന്യം സൂക്ഷിക്കാനുള്ള കേന്ദ്രമാക്കി മാറ്റിയതിൽ പ്രതിഷേധം ശക്തമാകുന്നു. പഞ്ചായത്ത് സ്റ്റേഡിയം ഇപ്പോൾ കാടുകയറി നശിക്കുകയാണ്. സ്റ്റേഡിയത്തിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ഇപ്പോൾ മാലിന്യങ്ങൾ കുന്നുകൂടിയ നിലയിലാണ്. നിലവിൽ എസ്.ബി.ഐ ജംഗ്ഷന് സമീപമുള്ള സ്ഥലത്ത് പ്രവർത്തിക്കുന്ന പഞ്ചായത്തിന്റെ എം.സി എഫിൽ സ്ഥലപരിമിതിയുണ്ടെന്നും അതുപോലെ മാലിന്യം സംഭരിക്കാൻ എത്തുന്ന ക്ലീൻ കേരളയുടെ വാഹനങ്ങൾക്ക് റോഡിനു വീതി കുറവായതിനാൽ എം.സി എഫിലേക്ക് എത്തിച്ചേരാൻ സാധിക്കാത്തത്തിനാലുമാണ് മാലിന്യം പഞ്ചായത്ത് സ്റ്റേഡിയത്തിൽ സൂക്ഷിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ പഞ്ചായത്ത് പരിധിയിൽ 500 ഏക്കർ റവന്യു ഭൂമിയുണ്ടെന്നും ഇവിടെ എവിടെയെങ്കിലും പ്രത്യേക പദ്ധതി തയാറാക്കി എം.സി.എഫ് നിർമ്മിക്കാൻ സാധിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. പഞ്ചായത്ത് സ്റ്റേഡിയത്തിൽ നിന്നും മാലിന്യം നീക്കം ചെയ്യണമെന്നും കാടു നീക്കി കായിക പരിപാടികൾക്ക് അനുയോജ്യമാക്കണമെന്നും കായികപ്രേമികളും ആവശ്യം ഉന്നയിക്കുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്റ്റേഡിയം വികസനവും മാലിന്യപ്രശ്നവുമൊക്കെ ഏനാദിമംഗലത്ത് വീണ്ടും ചർച്ചയാകുകയാണ്.
...........................
"ആലയിൽപ്പടി ഭാഗത്തുള്ള റവന്യൂ ഭൂമിയിൽ എം.സി.എഫ് സ്ഥാപിക്കാൻ കഴിയുമോ എന്ന് പരിശോധിക്കുന്നുണ്ട്. വാടകയ്ക്കും സ്ഥലം നോക്കുന്നുണ്ട്. സ്റ്റേഡിയത്തിലേത് താത്കാലിക സംവിധാനം മാത്രമാണ്.
സാം വാഴോട്ട്
ഏനാദിമംഗലം
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
....................................
കായികമത്സരങ്ങൾക്കും മറ്റും വേദിയായി ഉപയോഗിക്കാനുള്ളതാണ് ഓപ്പൺ എയർ ഓഡിറ്റോറിയം. മാലിന്യം അവിടെ നിന്നും മാറ്റണം. പകരം സ്ഥലം കണ്ടെത്തണം"
സീമ ആർ
(ബി.ജെ.പി ഇളമണ്ണൂർ
ഏരിയ പ്രസിഡന്റ് )
...........................................
"സ്റ്റേഡിയത്തിനു സമീപം ജനവാസ മേഖലയാണ്. ഇവിടെ മാലിന്യം സൂക്ഷിക്കുന്നത് മൂലം സമീപവാസികൾക്ക് വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. മാലിന്യം സൂക്ഷിക്കാൻ വേറെ സ്ഥലം കണ്ടെത്തണം"
സജി മാരൂർ
(കോൺഗ്രസ് ഏനാദിമംഗലം
മണ്ഡലം പ്രസിഡന്റ് )