റാന്നി: പുതുക്കട - മണക്കയം റോഡ് നിർമ്മാണത്തിലെ കാലതാമസത്തിൽ എൻജിനീയറിംഗ് വിഭാഗത്തിന്റെ അലംഭാവത്തിനെതിരെ മന്ത്രി എം.ബി രാജേഷിന് പരാതി നൽകി പ്രമോദ് നാരായൺ എം.എൽ.എ. റോഡ് പുനരുദ്ധരിക്കുന്നതിന് ബഡ്ജറ്റിൽ മൂന്ന് കോടി രൂപ അനുവദിച്ചിട്ടും നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുന്നതിൽ തദ്ദേശസ്വയംഭരണ വകുപ്പ് എൻജിനീയറിംഗ് വിഭാഗം വരുത്തുന്ന കാലതാമസവും അനാസ്ഥയും പരിഹരിക്കുന്നതിന് ഇടപെടണം എന്ന് ആവശ്യപ്പെട്ടാണ് എം.എൽ.എ പരാതി നൽകിയത്. പദ്ധതി രേഖ എസ്റ്റിമേറ്റ് എന്നിവ ഇതുവരെ സമർപ്പിച്ചിട്ടില്ല. ബഡ്ജറ്റ് വർക്കുകൾക്കുള്ള മല്ലപ്പള്ളി,കോയിപ്രം, ഇലന്തൂർ ബ്ലോക്കുകളിൽ നിന്നുള്ള എസ്റ്റിമേറ്റ് കൾ സമപ്പിച്ചിട്ടുണ്ടെങ്കിലും റാന്നി ബ്ലോക്ക് എൻജിനീയറിംഗ് വിഭാഗം എസ്റ്റിമേറ്റ് തയാറാക്കി നൽകുന്നതിലുള്ള കാലതാമസം മൂലം എല്ലാ ബഡ്ജറ്റ് പദ്ധതികളും നീണ്ടു പോകുകയാണ്. തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എൻജിനീയറുടെ ശ്രദ്ധയിൽ ഈ വിഷയം കൊണ്ടുവരികയും കാലതാമസം പരിഹരിക്കുന്നതിന് ഉദ്യോഗസ്ഥരുടെ യോഗങ്ങൾ വിളിച്ചുചേർക്കുകയും ചെയ്തിരുന്നു. എന്നിട്ടും നടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിലാണ് തദ്ദേശസ്വരണ വകുപ്പ് മന്ത്രിക്ക് പരാതി നൽകുന്നതെന്ന് അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ അറിയിച്ചു.