തിരുവല്ല : ആരോഗ്യ പരിചരണത്തോടൊപ്പം ഭക്ഷണരംഗത്തും നൂതന പരിവർത്തനവുമായി പുഷ്പഗിരി പാഥേയം ദി സെൻട്രൽ കിച്ചൺ പ്രവർത്തനമാരംഭിച്ചു. 13,000 ചതുരശ്രഅടിയിൽ ഒരുക്കിയ പാചക വിതരണ സംഭരണശാല ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു. അതിരൂപത മെത്രാപ്പൊലീത്ത ഡോ.തോമസ് മാർ കൂറിലോസ്, ആൻ്റോ ആന്റണി എം.പി, മാത്യു ടി.തോമസ് എം.എൽ.എ, പുഷ്പഗിരി ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിട്ട്യൂഷൻസ് പ്രിൻസിപ്പൽ അഡ്വൈസർ ജേക്കബ് പുന്നൂസ്, സി.ഇ.ഒ റവ.ഡോ.ബിജു വർഗീസ് പയ്യംമ്പള്ളിൽ, മെഡിക്കൽ ഡയറക്ടർ ഡോ.എബ്രഹാം വർഗീസ്, അഡീഷണൽ മെഡിക്കൽ ഡയറക്ടർ ഡോ.മാത്യു പുളിക്കൻ, പുഷ്പഗിരി കോളേജ് ഒഫ് ഫാർമസി പ്രിൻസിപ്പൽ ഡോ.സന്തോഷ് എം.മാത്യൂസ് എന്നിവർ പങ്കെടുത്തു. സെറാമിക് ബർണർ ഇൻഡക്ഷൻ സംയോജിത സ്റ്റൈൻലെസ് സ്റ്റീൽ ഹൈബ്രിഡ് കിച്ചണിൽ 500ലിറ്റർ ശേഷിയുള്ള ബോയിലിംഗ് ട്വിൽട് പാൻ, 300ലിറ്റർ ശേഷിയുള്ള ബ്രാറ്റ് പാൻ, മണിക്കൂറിൽ 5000 ഇഡ്ഡലി, 2000 ചപ്പാത്തി എന്നിവയുണ്ടാക്കാനുള്ള ഉപകരണങ്ങൾ, കിടപ്പ് രോഗികൾക്കായി ഭക്ഷണം ഒരുക്കുന്ന ട്യൂബ് ഫീഡിങ് പ്രിപ്പറേഷൻ യൂണിറ്റ്, ബേക്കിംഗ് യൂണിറ്റ്, ശുചിത്വം ഉറപ്പാക്കാനുതകുന്ന കോട്ടാസ്റ്റോൺ പ്രതലം എന്നിവ സെൻട്രൽ കിച്ചണിൽ ഒരുക്കിയിട്ടുണ്ട്. പുഷ്പഗിരിയിൽ ചികിത്സക്കെത്തുന്നവർക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും, വിദ്യാർഥികൾക്കുമായി ദിവസേന 5000ത്തിലധികം പേർക്ക് ഡയറ്റീഷ്യൻസിന്റെയും പാചകവിദഗ്ദന്റെയും നേതൃത്വത്തിൽ ഭക്ഷണം യഥാസമയം ഡിജിറ്റൽ ഓർഡറിംഗ് സംവിധാനത്തിലൂടെ ലഭിക്കും.