12-onam-gift-mannar-union
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രഖ്യാപിച്ച ശാഖകൾക്കുള്ള ഓണസമ്മാനം മാന്നാർ യൂണിയനിലെ വിതരണ ഉദ്ഘാടനം യൂണിയൻ ചെയർമാൻ കെ.എം ഹരിലാൽ നിർവഹിക്കുന്നു.

മാന്നാർ: എടത്വായിൽ നടന്ന ശാഖാ നേതൃസംഗമത്തിൽ പങ്കെടുത്ത മുഴുവൻ ശാഖകൾക്കും ഓണ സമ്മാനമായി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രഖ്യാപിച്ച തുകകൾ മാന്നാർ യൂണിയനിലെ മുഴുവൻ ശാഖകൾക്കും കൈമാറി. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ, എടത്വ സെന്റ് അലോഷ്യസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന കുട്ടനാട്, കുട്ടനാട് സൗത്ത്, മാന്നാർ യൂണിയനുകളുടെ സംയുക്ത നേതൃസംഗമത്തിലായിരുന്നു ജനറൽ സെക്രട്ടറി ഓണസമ്മാനം പ്രഖ്യാപിച്ചത്. മൂന്ന് യൂണിയനുകളിലായുള്ള 103 ശാഖകളിൽ ഓരോ ശാഖയ്ക്കും 15000/ രൂപയും ഓരോ വനിതാസംഘത്തിനും 5000/ രൂപയും എന്ന കണക്കിൽ അന്ന് വൈകിട്ട് ആറ് മണിക്കുള്ളിൽ നൽകുമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രഖ്യാപനം. അന്നുതന്നെ യൂണിയൻ ഭാരവാഹികൾ തുക കൈപ്പറ്റുകയും ഇന്നലെ ഉച്ചയ്ക്ക് മൂന്നിന് മുമ്പായി മാന്നാർ യൂണിയനിലെ എല്ലാ ശാഖകൾക്കും തുക കൈമാറുകയും ചെയ്തു. മാന്നാർ യൂണിയന് കീഴിലുള്ള 28 ശാഖകൾക്കും 15000 രൂപ വീതവും ശാഖാ വനിതാ സംഘങ്ങൾക്ക് 5000 രൂപ വീതവും ആകെ അഞ്ചുലക്ഷത്തി അറുപതിനായിരം രൂപ ഒറ്റ ദിവസം കൊണ്ട് കൈമാറാൻ കഴിഞ്ഞതായും ഓണസമ്മാനം മാന്നാർ യൂണിയനും 28 ശാഖകൾക്കും ലഭിച്ച അംഗീകാരമാണെന്നും യൂണിയൻ ചെയർമാൻ കെ.എം ഹരിലാൽ, കൺവീനർ അനിൽ പി ശ്രീരംഗം, ജോ.കൺവീനർ പുഷ്പാ ശശികുമാർ എന്നിവർ പറഞ്ഞു. മാന്നാർ യൂണിയനിലെ ഗ്രാമം 1267ാം ശാഖാ സെക്രട്ടറി സുകുമാരന് 15000 രൂപ കൈമാറി‌ ശാഖകൾക്കുള്ള ഓണസമ്മാന വിതരണ ഉദ്ഘാടനം യൂണിയൻ ചെയർമാൻ കെ.എം ഹരിലാലും വനിതാ സംഘം സെക്രട്ടറി പ്രസന്നാ പ്രഭാകരന് 5000 രൂപ നൽകി വനിതാ സംഘങ്ങൾക്കുള്ള ഓണസമ്മാന വിതരണ ഉദ്ഘാടനം യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗവും നിർവഹിച്ചു. യൂണിയൻ ഹാളിൽ നടന്ന ചടങ്ങിൽ യൂണിയൻ ജോ.കൺവീനർ പുഷ്പ ശശികുമാർ, അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ രാധാകൃഷ്ണൻ പുല്ലാമഠം, പി.ബി.സൂരജ്, ഹരിപാലമൂട്ടിൽ, അനിൽകുമാർ ടി.കെ, രാജേന്ദ്രപ്രസാദ് അമൃത, യൂണിയൻ വനിതാ സംഘം ചെയർപേഴ്‌സൺ ശശികല രഘുനാഥ്, വൈസ് ചെയർപേഴ്‌സൺ ബിനി സതീശൻ, കൺവീനർ വിജയലക്ഷ്മി, കേന്ദ്ര സമിതിയംഗം ലേഖാ വിജയകുമാർ, എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം ഗിരിജ ഓമനക്കുട്ടൻ എന്നിവർ പങ്കെടുത്തു.