തിരുവല്ല : പെരിങ്ങര ഗവ. ഹയർസെക്കൻഡറി സ്‌കൂളിന്റെ ഭീഷണിയായ കെട്ടിടം പൊളിച്ചു തുടങ്ങി. നൂറുകണക്കിന് കുട്ടികൾ പഠിക്കുന്ന സ്‌കൂളിലെ അരനൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടം കടുത്ത ഭീഷണിയായി നിലകൊള്ളുകയായിരുന്നു. ബലക്ഷയം കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് വർഷം മുമ്പ് പൊളിച്ചുമാറ്റാൻ ജില്ലാ പഞ്ചായത്ത് നിർദ്ദേശം നൽകിയതാണ്. എന്നാൽ ലേല നടപടികൾ വൈകുന്നതിനാൽ കെട്ടിടം പൊളിക്കൽ നീണ്ടുപോകുകയായിരുന്നു. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർക്കും മറ്റും സ്‌കൂൾ അധികൃതർ പലതവണ പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. കുട്ടികൾക്ക് ഉൾപ്പെടെ ഭീഷണിയായ സ്‌കൂൾ കെട്ടിടം പൊളിക്കൽ സർക്കാരിന്റെ ചുവപ്പുനാടയിൽ കുടുങ്ങി കിടക്കുകയാണെന്ന് ചൂണ്ടിക്കാട്ടി രണ്ടാഴ്ച മുമ്പ് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചു. ഇതേത്തുടർന്നാണ് കെട്ടിടം പൊളിച്ചു മാറ്റാനുള്ള നടപടികൾ വേഗത്തിലായത്. ജില്ലാ പഞ്ചായത്ത് എൻജിനീയറിംഗ് വിഭാഗത്തിൽ നിന്ന് പൊളിച്ചു മാറ്റേണ്ട കെട്ടിടത്തിന്റെ വില നിശ്ചയിച്ച് ലേലം ചെയ്തു. ഇതേത്തുടർന്നാണ് ഇന്നലെ ലേലം പിടിച്ചയാൾ പൊളിക്കൽ തുടങ്ങിയത്. ഇന്നുകൊണ്ട് കെട്ടിടം പൂർണമായും പൊളിച്ചുനീക്കുമെന്ന് അധികൃതർ പറഞ്ഞു.