ele

കോന്നി: ലോക ഗജദിനം കോന്നി ഇക്കോ ടൂറിസം സെന്ററിൽ വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തിൽ ആഘോഷമാക്കി. ഡി എഫ് ഒ ഇൻ ചാർജ് ബി.രാഹുൽ ഉദ്ഘാടനം ചെയ്തു. ആനയൂട്ടും വിദ്യാർത്ഥികൾക്കായി ആനയെ കുറിച്ചുള്ള പഠന ക്ലാസും നടന്നു. കോന്നി റിപ്പബ്ലിക്കൻ വൊക്കേഷനിൽ ഹയർ സെക്കൻഡറി സ്കൂൾ, വെട്ടൂർ വി.എസ്.ശ്രീധരൻപിള്ള മെമ്മോറിയൽ എൽ.പി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു. ആനയൂട്ടിൽ കോന്നി ഇക്കോ ടൂറിസം സെന്ററിലെ ഈവ, പ്രിയദർശിനി, മീന എന്നീ ആനകൾ പങ്കെടുത്തു. ആനകൾക്ക് വിദ്യാർത്ഥികളും വിനോദസഞ്ചാരികളും നാട്ടുകാരും വനപാലകരും കൈതച്ചക്ക, കരിമ്പ്, തണ്ണിമത്തൻ, വെള്ളരിക്ക, ശർക്കര, ക്യാരറ്റ്, വാഴപ്പഴം എന്നിവ നൽകി. ആനകളുമായി അടുത്ത ഇടപഴകാൻ കഴിഞ്ഞതും ഭക്ഷണം നൽകാൻ കഴിഞ്ഞതും പുതിയ അനുഭവമായിരുന്നുവെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.