പ്രമാടം : അച്ചൻകോവിലാറ്റിലെ വേലൻകടവിൽ കടത്തുവള്ള സർവീസ് നിലച്ചതോടെ നാട്ടുകാർ വലയുന്നു. കിലോമീറ്ററുകൾ കറങ്ങി യാത്ര ചെയ്യേണ്ട ഗതികേടിലാണ് അവർ. പ്രമാടം ഗ്രാമപഞ്ചായത്തിലെ വേലൻ കടവിനെയും പത്തനംതിട്ട നഗരസഭയിലെ കൊടുന്തറ കടവിനെയും തമ്മിൽ ബന്ധിപ്പിച്ചിരുന്ന സർവീസിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. .
പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗത്തിന്റെ ചുമതലയിലാണ് സർവീസ് നടത്തിയിരുന്നത്. പ്രമാടം ഗ്രാമപഞ്ചായത്തിനെയും പത്തനംതിട്ട നഗരസഭയെയും തമ്മിൽ ബന്ധിപ്പിച്ച് ഒരു പാലം എന്ന ആശയം ആദ്യം ഉയർന്നത് വേലൻകടവിലായിരുന്നു. എന്നാൽ ചില എതിർപ്പുകളെ തുടർന്ന് ഇത് നടന്നില്ല. തുടർന്നാണ് പാറക്കടവിൽ പാലം നിർമ്മിച്ചത്. പ്രമാടം പടിഞ്ഞാറ്, കൊടുന്തറ നിവാസികളുടെ യാത്രാക്ളേശം പരിഹരിക്കാൻ വേലൻകടവിൽ കടത്ത് സർവീസ് നിലനിറുത്തി. പാറക്കടവ് പാലം വരുന്നതിന് മുമ്പും ശേഷവും ഈ പ്രദേശത്തെ ആളുകളുടെ പ്രധാന യാത്രാമാർഗമായിരുന്നു ഈ കടത്ത് സർവീസ്.രണ്ട് വള്ളങ്ങളാണ് ആദ്യകാലങ്ങളിൽ ഉണ്ടായിരുന്നത്. ഒരു വള്ളം വേലൻകടവിലും മറ്റൊന്ന് കൊടുന്തറ കടവിലും. ഇരുകരകളിലും വള്ളപ്പുരകളും ഉണ്ടായിരുന്നു. പിന്നീട് വേലൻകടവിൽ മാത്രമായി വള്ളം. അച്ചൻകോവിലാറ് കരകവിയുമ്പോൾ മാത്രമാണ് ഇവിടെ കടത്ത് നിറുത്തിവച്ചിരുന്നത്. ഇപ്പോൾ കിലോമീറ്ററുകൾ കറങ്ങി പാറക്കടവ് പാലം വഴി വേണം അക്കരെ ഇക്കരെ എത്താൻ. ഇത് പ്രദേശവാസികൾക്ക് വലിയ യാത്രാബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. എത്രയും വേഗം കടത്ത് സർവീസ് പുന:രാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കടത്തുകാരൻ പെൻഷനായി
75 വർഷം പഴക്കമുള്ള ഈ സർവീസ് നിലച്ചിട്ട് രണ്ട് മാസമായെങ്കിലും പുന:രാരംഭിക്കാൻ നടപടിയായിട്ടില്ല. കടത്തുകാരൻ പെൻഷൻ പറ്റിയതാണ് പ്രതിസന്ധിക്ക് കാരണം. പകരം ആളെ നിയമിക്കാൻ നടപടി തുടങ്ങിയിട്ടുമില്ല.പ്രമാടം പടിഞ്ഞാറ് നിവാസികൾക്കും പത്തനംതിട്ട കൊടുന്തറക്കാർക്കും പാറക്കടവ് പാലം വഴിയല്ലാതെ വളരെ വേഗം അക്കരെ ഇക്കരെ യാത്ര ചെയ്യാനുള്ള എളുപ്പമാർഗമായിരുന്നു ഈ കടത്ത് . പ്രമാടത്തെയും പത്തനംതിട്ടയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കൊടുന്തറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, പ്രമാടം മഹാദേവർ ക്ഷേത്രം, എന്നിവിടങ്ങളിലെല്ലാം എളുപ്പത്തിലെത്താൻ ആളുകൾ കടത്തുവള്ളത്തെ ആശ്രയിച്ചിരുന്നു.
കടത്ത് നിലച്ചിട്ട് 2 മാസം