tvvdoor
തിരുവൻവണ്ടൂർ ഹയർ സെക്കണ്ടറി സ്കൂളിന് സമീപം നായ്ക്കളുടെ കൂട്ടം കാൽനടക്കാർ ഭീതിയിൽ

ചെങ്ങന്നൂർ : തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു. ഇരമല്ലിക്കര കീഴ്ച്ചേരി വാൽക്കടവു മുതൽ പ്രാവിൻ കൂട് ജംഗ്ഷൻ വരെ ഏകദേശം 200 ഓളം തെരുവുനായ്ക്കളാണ് വിലസുന്നത്. ഇത് സ്കൂൾ കുട്ടികൾക്കും വഴിയാത്രക്കാർക്കും ഇരുചക്രവാഹനയാത്രക്കാരും ഭീതിയിലാണ്. ഇരമല്ലിക്കര കീച്ചേരി വാൽക്കടവ് പാലത്തിന് സമീപം ,പി. എച്ച്.സി ജംഗ്ഷൻ ,ഷാപ്പുപടി , ആയൂർവേദ ആശുപത്രി ജംഗ്ഷൻ , മിൽമ സൊസൈറ്റിപ്പടി ,ഹൈസ്കൂൾ ജംഗ്ഷൻ ,തിരുവൻവണ്ടൂർ ജംഗ്ഷൻ ,ഫെഡറൽ ബാങ്ക് ജംഗ്ഷനിലുള്ള മത്സ്യ വില്പനശാലയ്ക്ക് സമീപം ,കണ്ടത്തിൽപ്പടി , ഉപ്പു കളത്തിൽ പാലം, മാരുതി ഷോറൂമിന് സമീപം എന്നീ കേന്ദ്രങ്ങളിലാണ് തെരുവുനായ വിലസുന്നത്. ഇവയെ പൂർണമായും പിടികൂടി വന്ധ്യംകരിക്കുന്നതിനോ വാക്സിനേഷൻ നൽകുന്നതിനോ പഞ്ചായത്ത് അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. പേവിഷബാധയേറ്റ് കഴിഞ്ഞ മാസം മൂന്നിനാണ് വൃദ്ധൻ മരിച്ചത്. തുടർന്ന് പഞ്ചായത്തിന്റെ അഞ്ചാം വാർഡിൽ വളർത്തുനായ്കൾക്ക് വാക്സിനേഷൻ നൽകുന്ന പ്രവൃത്തി യുദ്ധകാല അടിസ്ഥാനത്തിൽ നടത്തി. അതെ സമയം തെരുവുനായ്കൾക്കുള്ള വാക്സിനേഷൻ പൂർണമായും നടപ്പാക്കാൻ സാധിച്ചിട്ടില്ല.

വാക്സിനേഷൻ നൽകിയ നായ്ക്കളെ തിരിച്ചറിയാനാകുന്നില്ല


എന്നാൽ കൂട്ടംകൂടി പോകുന്നവയെ എങ്ങനെ കൃത്യമായി കണ്ടെത്തി വാക്സിൻ നൽകുമെന്ന കാര്യത്തിൽ കൃത്യമായ മറുപടി അധികൃതർ നൽകുന്നില്ല.വാക്സിനേഷൻ നൽകിയ നായയെ തിരിച്ചറിയാനുള്ള ഒരു അടയാളവും നൽകിയില്ലന്നും പരാതി ഉയരുന്നുണ്ട്.നായ്കൾക്ക് വാക്സിൻ നൽകാൻ 1.75 ലക്ഷം രൂപ പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്. എ ബി സി പദ്ധതിക്ക് രണ്ടു ലക്ഷം രൂപയുമാണ് വകകൊള്ളിച്ചിരിക്കുന്നത്. അത് ബ്ലോക്ക് അടിസ്ഥാനത്തിലാവും നടപ്പാക്കുക എന്നാണ് അധികൃതർ പറയുന്നത്.

............................................................

കഴിഞ്ഞ മാസം പേവിഷബാധയേറ്റ് ഒരാൾ മരിച്ചിരുന്നു. ഇതുകാരണം ജനങ്ങൾ ഭീതിയിലാണ് ,പഞ്ചായത്ത് വേണ്ട നടപടി എത്രയും പെട്ടെന്ന് സ്വീകരിക്കണം.

ഹരികുട്ടൻ പിള്ള

(പ്രദേശവാസി)

..........................

നായ്കൾക്ക് വാക്സിൻ നൽകാൻ 1.75 ലക്ഷം വകയിരുത്തി

..............................

പഞ്ചായത്ത് അധികൃതർ പറയുന്നത്

ഫെബ്രുവരിയിൽ തെരുവുനായ്കൾക്ക് വാക്സിനേഷൻ നൽകിയതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു.

ആറ് മാസം കഴിഞ്ഞെ അടുത്ത വാക്സിൻ നൽകാൻ കഴിയൂ. അവശേഷിക്കുന്നവയെ നിരീക്ഷിച്ച് വാക്സിൻ നൽകി ചിപ്പ് ഘടിപ്പിക്കും.