തിരുവല്ല : പോളയും പായലും നിറഞ്ഞ് എക്കൽ അടിഞ്ഞുകൂടിയതോടെ പെരിങ്ങര തോട്ടിൽ നീരൊഴുക്ക് നിലച്ചു. മണിമലയാറിന്റെ കൈവഴിയായി അഞ്ചുപറ കടവിൽ നിന്നാരംഭിച്ച് ചാത്തങ്കരി ആറ്റിലേക്ക് ഒഴുകിയെത്തുന്ന തോടിനാണ് ഈ ദുർഗതി. വെള്ളപ്പൊക്കങ്ങളിൽ ഒഴുകിയെത്തുന്ന ചെളിയും മണ്ണും അടിഞ്ഞുകൂടിയതോടെ തോടിന്റെ ആഴംകുറഞ്ഞു. പിന്നാലെ പോളയും പായലും കയറി തോട് മൂടി. വശങ്ങളിൽ നിന്ന് തോട്ടിലേക്ക് വീണുകിടക്കുന്ന മുളങ്കൂട്ടവും മരങ്ങളും നീരൊഴുക്കിന് തടസമായി. ഇതോടെ മഴ മാറുംമുമ്പേ തോട്ടിലെ നീരൊഴുക്ക് നിലച്ചു. വെള്ളം കറുത്തുകുറുകിയ നിലയിലാണ്. പ്രദേശത്തെ കിണറുകളിലെ ജലനിരപ്പ് താഴാനും വെള്ളം മലിനമാവാനും ഇത് കാരണമാകുന്നുണ്ട്. കെട്ടിനിൽക്കുന്ന വെള്ളത്തിൽ കൂത്താടികൾ പെരുകുന്നത് കൊതുക് ശല്യത്തിനും ഇടയാക്കുന്നു. തോടിന്റെ ഇരു കരകളിലുമായി താമസിക്കുന്നവർ ഒന്നര പതിറ്റാണ്ട് മുമ്പുവരെ ഗാർഹിക ആവശ്യങ്ങൾക്ക് ആശ്രയിച്ചിരുന്ന തോടാണിത്.
അഞ്ചുവർഷം മുമ്പാണ് അവസാനമായി തോട് തെളിച്ചത്. അന്ന് വാരിക്കൂട്ടിയ ചെളി തോടിന്റെ ഇരുകരകളിലും നിക്ഷേപിച്ചു. പിന്നീട് പെയ്ത മഴയിൽ ഈ ചെളി വീണ്ടും ഒഴുകി തോട്ടിലെത്തി.
@ അപ്പർകുട്ടനാടൻ മേഖലയിൽ ഉൾപ്പെട്ട പെരിങ്ങര, ചാത്തങ്കരി പ്രദേശങ്ങളിലെ വരാൽ പാടം, മാണിക്കത്തടി, കൂരച്ചാൽ, ചാത്തങ്കരി, മനകേരി തുടങ്ങിയ പാടശേഖരങ്ങളിലെ നെൽകൃഷിക്ക് ആവശ്യമായ വെള്ളം എത്തിക്കുന്ന പ്രധാന ജലസ്രോതസ്
@ . തോട്ടിലെ നീരൊഴുക്ക് നിലയ്ക്കുന്നത് നെൽക്കർഷകരെയാണ് ഏറെ പ്രതിസന്ധിയിലാക്കുന്നത്. സെപ്റ്റംബർ - ഒക്ടോബർ മാസത്തോടെ മേഖലയിലെ പാടങ്ങളിൽ കൃഷി ഒരുക്കങ്ങൾ ആരംഭിക്കേണ്ടതാണ്.
. @ തോട്ടിലെ നീരൊഴുക്ക് നിലയ്ക്കുന്നതോടെ പാടശേഖരങ്ങളോടു ചേർന്നുള്ള വാച്ചാൽത്തോടുകളും വറ്റും. ഇതോടെ കൃഷി ആവശ്യത്തിനുള്ള വെള്ളം വൻതുക ചെലവഴിച്ച് മോട്ടോർ ഉപയോഗിച്ച് പമ്പ് ചെയ്യേണ്ട അവസ്ഥയിലാണ് കർഷകർ.