പന്തളം : അന്യസംസ്ഥാന തൊഴിലാളികളുടെ സംഘട്ടനവും സാമൂഹ്യവിരുദ്ധ പ്രവർത്തനവും പന്തളത്ത് പതിവായി. നിരവധി അന്യസംസ്ഥാന തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നത്. പൊലീസോ നഗരസഭയോ ഇവരുടെ കൃത്യമായ കണക്കെടുപ്പ് നടത്തിയിട്ടില്ല. ഒറീസ, ആസാം പശ്ചിമബംഗാൾ തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് നിരവധി പേരാണ് ദിവസവും ട്രെയിൻ മാർഗം ചെങ്ങന്നൂരിൽ എത്തി അവിടെ നിന്ന് പന്തളത്തേക്ക് വരുന്നത്. .നാട്ടുകാർ വാടകയ്ക്ക് നൽകിയിരിക്കുന്ന വീടുകളിലാണ് താമസം. . ക്രിമിനൽ സ്വഭാവമുള്ളവർ പോലും തൊഴിലാളികളിലുണ്ട്. കഴിഞ്ഞദിവസം കടയ്ക്കാട് ജംഗ്ഷനിൽ അന്യസംസ്ഥാന തൊഴിലാളികൾ മാരകായുധവുമായി മണിക്കൂറോളം ഏറ്റുമുട്ടി. പൊലീസ് എത്തിയെങ്കിലും ഇവരെ പിടികൂടാൻ തയ്യാറായില്ലെന്ന് പരാതിയുണ്ട്. . അടിപിടി കേസുകളിൽ അന്യസംസ്ഥാന തൊഴിലാളികളെ പൊലീസ് സ്റ്റേഷനിൽ എത്തിക്കാറുണ്ടെങ്കിലും പിന്നീട് വിട്ടയയ്ക്കുകയാണ് പതിവ്.ഇവരെ സഹായിക്കാൻ മലയാളികളായ മാഫിയകളും സജീവമാണ്. രാസ ലഹരി ഉപയോഗവും വില്പനയ്ക്കുമായി ബന്ധപ്പെട്ട് നിരവധി അന്യസംസ്ഥാന തൊഴിലാളികളെയാണ് കഴിഞ്ഞ ആറുമാസത്തിനടിയിൽ പൊലീസും എക്‌സൈസും പിടികൂടിയത്. കടയ്ക്കാട് ജംഗ്ഷനിൽ കച്ചവടം നടത്തുന്ന അന്യസംസ്ഥാന തൊഴിലാളികൾ നിരവധി തവണ രാസലഹരിയുമായി പിടിയിലായിട്ടുണ്ട്. കടയ്ക്കാട് ജംഗ്ഷൻ ,തോന്നല്ലൂർ ഉളമ തുടങ്ങിയ പ്രദേശങ്ങളിൽനിരവധി തൊഴിലാളികളാണ് താമസിക്കുന്നത്. പന്തളം കുടുംബ ആരോഗ്യേന്ദ്രത്തിലെ പ്രധാന വഴിയും ഇവർ കൈയടക്കിയിരിക്കുകയാണ്.