കോന്നി : ഓണത്തിന് മുന്നോടിയായി വി.എഫ്.പി.സി.കെയുടെ വകയാർ സ്വാശ്രയ വിപണിയിൽ ഏത്തവാഴ കുലകളുടെ കച്ചവടം സജീവമായി. നിരവധി കർഷകരാണ് ഇവിടെ കുലകൾ വില്പനയ്ക്ക് എത്തിക്കുന്നത്. വകയാർ കോട്ടയം ജംഗ്ഷനിൽ വാഴവിത്തു വില്ക്കുന്ന കടകൾ നിരവധിയാണ്. ജില്ലയിലെ പ്രധാന വാഴവിത്ത് വിപണി കൂടിയാണ് ഇവിടം. കർഷകർ എത്തിക്കുന്ന ഏത്തവാഴക്കുലകൾ ഗ്രൂപ്പുകളായി തിരിച്ചാണ് വില്പന. ഒരു ഗ്രൂപ്പിൽ 300 കിലോ തൂക്കംവരുന്ന ഏത്തക്കുലകളുണ്ടാകും. വിപണി ദിവസങ്ങളിൽ ഉച്ചയ്ക്ക് 12.30 ഓടെയാണ് ലേലം തുടങ്ങുക. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന വ്യാപാരികളാണ് ലേലം വിളിച്ച് വാഴക്കുലകൾ വാങ്ങുന്നത്.
17 ലക്ഷം രൂപയുടെ വരുമാനം ഏത്തവാഴകൃഷിയിലൂടെ കിട്ടുന്ന കർഷകർ വകയാർ സമിതിയിലുണ്ട്. ഏത്തക്കുലയ്ക്ക് പുറമെ ഞാലിപ്പൂൻ, കദളി, റോബസ്റ്റ, ചെങ്കദളി എന്നിവയും വിപണിയെ സമ്പന്നമാക്കുന്നു. വി.എഫ്.പി.സി.കെയുടെ ജില്ലയിലെ 19 സ്വാശ്രയ കർഷക സമിതികളിൽ വിറ്റുവരവുകൊണ്ട് ഒന്നാമതാണ് വകയാർ വിപണി. അരുവാപ്പുലം, കോന്നി, വള്ളിക്കോട്, പ്രമാടം പഞ്ചായത്തുകളിലെ സ്വയംസഹായ ഗ്രൂപ്പുകളുടെ കൂട്ടായ്മയാണ് വിപണിയുടെ വിജയത്തിന് പിന്നിൽ. ഒരുഗ്രൂപ്പിൽ 15 മുതൽ 25 വരെ കർഷകരാണുള്ളത്.
വർഷം നാലുകോടി രൂപയുടെ വിറ്റ് വരവുള്ള വിപണി
കഴിഞ്ഞ 20 വർഷമായി പ്രവർത്തിക്കുന്നു.
ബാബു പി.രാജൻ (ട്രഷറർ, വകയാർ സ്വാശ്രയ വിപണി )