പത്തനംതിട്ട: വാർദ്ധക്യത്തിലും ഏകാന്തതയിലും കഴിയുന്നവരെ സഹായിക്കാനായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ 'ചാരെ വയോജന ശ്രദ്ധ പദ്ധതി ' തുടങ്ങുന്നു. അഖില മലങ്കര പ്രാർത്ഥനായോഗത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രലിൽ 17ന് ഉച്ചയ്ക്ക് രണ്ടിന് ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. തുമ്പമൺ ഭദ്രാസന മെത്രാപ്പൊലീത്ത ഡോ.എബ്രഹാം മാർ സെറാഫീം അദ്ധ്യക്ഷത വഹിക്കും. അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ സ്വാഗതം പറയും. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത മുഖ്യ സന്ദേശം നൽകും. പരുമല സെന്റ് ഗ്രീഗോറിയോസ് ആശുപത്രിയുടെ നേതൃത്വത്തിൽ ഉച്ചയ്ക്ക് 12 ന് സൗജന്യ മെഡിക്കൽ പരിശോധന ക്യാമ്പും ഉണ്ടാകും. വാർത്താ സമ്മേളനത്തിൽ അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, തുമ്പമൺ ഭദ്രാസന സെക്രട്ടറി ഫാ.ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്‌ക്‌കോപ്പ, പ്രാർത്ഥനാ യോഗം കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ.ബിജു മാത്യു പ്രക്കാനം, ഫാ.മത്തായി കുന്നിൽ, ഫാ.എബി ടി സാമുവൽ, സജു ജോർജ്, നിതിൻ മണക്കാട്ടുമണ്ണിൽ എന്നിവർ പെങ്കടുത്തു.