പഴകുളം : പഴകുളം - കടമാംകുളം റോഡിൽ കൈവരികൾ തകർന്ന കെ .ഐ .പി പാലത്തിൽ അപകട സാദ്ധ്യത വർദ്ധിച്ചിട്ടും അധികൃതർക്ക് മൗനം. മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും പരാതി നൽകിയിട്ടും യാതൊരു പ്രയോജനവുമില്ലാതെ പോയതിന്റെ പ്രതിഷേധത്തിലാണ് നാട്ടുകാർ.പാലത്തിന്റെ ഇരുവശത്തെയും കൈവരികൾ പൂർണമായി തകർന്നു. പാലത്തിനടിയിലൂടെ വളരെ ആഴം കൂടിയ കനാലാണ് ഒഴുകുന്നത്.തുടർച്ചയായി മഴപെയ്താൽ ഇവിടെ വലിയ കുത്തൊഴുക്കുണ്ടാകും. വാഹനങ്ങൾ പരസ്പരം സൈഡ് നൽകുമ്പോൾ നിയന്ത്രണംതെറ്റി കനാലിലേക്ക് വീഴാൻ സാദ്ധ്യതയുണ്ട്. അടുത്തതിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇവിടെ പ്രതിഷേധവുമായെത്തി പാലത്തിൽ പൈപ്പ് ഉപയോഗിച്ച് കൈവരികൾ സ്ഥാപിച്ചിരുന്നു.. കെ പി റോഡിൽ നിന്ന് പന്തളത്തേക്ക് പോകാനുള്ള എളുപ്പവഴി കൂടിയതിനാൽ പാലം നന്നാക്കിയാൽ ജനങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യും. ഇത്രയും അപകടാവസ്ഥ നേരിടുമ്പോഴും ഭാരംകയറ്റിയ ലോറികളും മറ്റും ഇതുവഴിയാണ് പോകുന്നത്. പാലത്തിനോടു ചേർന്നുള്ള റോഡും നവീകരണം നടക്കാതെ കുണ്ടും കുഴിയുമായി കിടക്കുകയാണ്.ഈ പാലത്തിന്റെ ശോചനീയാവസ്ഥ ഉന്നയിച്ച് പൊതു പ്രവർത്തകനായ രാമാനുജൻ കർത്ത മുഖ്യമന്ത്രിക്ക് പരാതി നൽികിയുരുന്നു. പാലത്തിന്റെ നിർമ്മാണത്തിനായി രണ്ടു കോടി രൂപയുടെ പദ്ധതി തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും ഇതിനു കിഫ്‌ബി അംഗീകരിച്ച ശേഷം ഭരണാനുമതി ലഭിക്കണമെന്നുമാണ് കെ ആർ എഫ് ബി അധികൃതർ മറുപടി നൽകിയത്.