india

പത്തനംതിട്ട : രാജ്യത്തിന്റെ 79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഗ്രൗണ്ടിൽ ഇന്ന് രാവിലെ 9ന് മന്ത്രി വീണാ ജോർജ് ദേശീയപതാക ഉയർത്തി പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിക്കും. തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശം നൽകും. രാവിലെ 8ന് പരിപാടികൾ ആരംഭിക്കും. 8.45ന് പരേഡ് കമാൻഡർ പരേഡിന്റെ നിയന്ത്രണം ഏറ്റെടുക്കും. 9ന് മുഖ്യാതിഥിയായ മന്ത്രി ദേശീയ പതാക ഉയർത്തും. പരേഡ് കമാൻഡർക്കൊപ്പം മന്ത്രി പരേഡ് പരിശോധിക്കും. പരേഡ് മാർച്ച് പാസ്റ്റിനും മുഖ്യാതിഥിയുടെ സ്വാതന്ത്ര്യദിന സന്ദേശത്തിനും ശേഷം സ്‌കൂൾ വിദ്യാർത്ഥികളുടെ സാംസ്‌കാരിക പരിപാടി അരങ്ങേറും. പൊലിസ് മൂന്ന്, ഫോറസ്റ്റ് ഒന്ന്, ഫയർ ഫോഴ്‌സ് രണ്ട്, എക്‌സൈസ് ഒന്ന്, എസ് പി സി ആറ്, സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് നാല്, ജൂനിയർ റെഡ് ക്രോസ് മൂന്ന്, ഡിസ്‌പ്ലേ ബാൻഡ് സെറ്റ് രണ്ട് എന്നിങ്ങനെയാണ് പ്ലറ്റൂണുകളുടെ എണ്ണം. പെരുനാട് പൊലിസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ജി.വിഷ്ണുവാണ് പരേഡ് കമാൻഡർ.
ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ സാംസ്‌കാരിക പരിപാടി, ദേശഭക്തിഗാനം, സുംബാ ഡാൻസ്, വഞ്ചിപ്പാട്ട്, നാഷണൽ ഇന്റഗ്രേഷൻ ഡാൻസ് എന്നിവ അവതരിപ്പിക്കും. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഗ്രൂപ്പുകൾക്കുള്ള ട്രോഫികളുടെ വിതരണവും സമ്മാനദാനവും മന്ത്രി നിർവഹിക്കും.
സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ വീക്ഷിക്കുന്നതിന് പൊതുജനങ്ങൾ രാവിലെ 7.30ന് കോളജ് ഗ്രൗണ്ടിൽ എത്തണം.

സ്വാതന്ത്ര്യദി​നാഘോഷത്തി​ന്റെ ഭാഗമായി​ എല്ലാ സ്ഥാപനങ്ങളും വീടുകളും വ്യാപാരശാലകളും കൊടിതോരണങ്ങളാൽ അലങ്കരിച്ച്, ദേശീയ പതാക ഉയർത്തണം.

എസ്.പ്രേംകൃഷ്ണൻ,
ജില്ലാ കളക്ടർ