പത്തനംതിട്ട : ജില്ലാതല പട്ടികജാതി പട്ടികവർഗ വികസന സമിതി യോഗം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാമിന്റെ അദ്ധ്യക്ഷയിൽ ചേർന്നു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് മുമ്പ് സമയബന്ധതമായി പ്രവൃത്തികൾ പൂർത്തീകരിക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പട്ടികജാതി വികസനത്തിന് 2025-26ൽ കോർപ്പസ് ഫണ്ടിൽ നിന്നും അനുവദിച്ച 81 ലക്ഷം രൂപയ്ക്ക് ആറ് പദ്ധതികളും വിജ്ഞാന വാടികളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് 13 പദ്ധതികളും പട്ടിക വർഗ വികസനത്തിന് അനുവദിച്ച 71 ലക്ഷം രൂപയ്ക്ക് 17 പദ്ധതികളും യോഗം അംഗീകരിച്ചു. പട്ടികജാതി വികസന പദ്ധതികളിൽ റോഡ് നിർമ്മാണം, സംരക്ഷണഭിത്തി, വിജ്ഞാന വാടികളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തൽ എന്നീ പദ്ധതികൾ അംഗീകരിച്ചു. പട്ടികവർഗ വികസന പദ്ധതികളിൽ ളാഹ, മഞ്ഞത്തോട് പ്രദേശങ്ങളിൽ കുടിവെള്ള വിതരണം, മഞ്ഞത്തോട് പ്രകൃതിയിലെ കുടുംബങ്ങൾക്ക് വൈദ്യുതീകരണം, സാമൂഹ്യ പഠനമുറികളിൽ ഡിജിറ്റൽ സൗകര്യം തുടങ്ങിയ പദ്ധതികൾക്കും അംഗീകാരം നൽകി. ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ (ഇൻചാർജ്) ജി. ഉല്ലാസ്, പട്ടികജാതി പട്ടികവികസന ഓഫീസർ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.