തിരുവല്ല : സമീപ പുരയിടത്തിൽ നിന്നിരുന്ന തെങ്ങ് കടപുഴകി വീണ് വീടിന്റെ കാർപോർച്ച് തകർന്നു. തുകലശേരി ഹെവൻ ഊള്ളിരിക്കൽ വീട്ടിൽ ജോസഫ് ജോണിന്റെ വീട്ടിലെ പോർച്ചാണ് തകർന്നത്. ഇന്നലെ രാവിലെ ഏഴിനാണ് സംഭവം. സമീപത്തെ പുരയിടത്തിൽ അപകടകരമായി നിന്നിരുന്ന തെങ്ങാണ് വീണത്. ഭീഷണിയായ തെങ്ങ് മുറിച്ചുമാറ്റാൻ വസ്തു ഉടമയോട് നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടിയില്ലാതെ വന്നതിനെ തുടർന്ന് നഗരസഭയ്ക്ക് പരാതി നൽകിയിരുന്നു. എന്നാൽ നഗരസഭ അധികൃതർ സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും മറ്റ് നടപടികൾ ഒന്നുംതന്നെ സ്വീകരിച്ചില്ലെന്ന് ജോസഫ് ജോൺ പറയുന്നു. തെങ്ങു വീണ സമയം ഭാര്യയും മക്കളും അടക്കമുള്ളവർ വീട്ടിൽ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപെട്ടു.