തിരുവല്ല : സ്കൂൾ വിദ്യാർത്ഥികളിൽ കൃഷിയിൽ താല്പര്യം വളർത്തുക, കാർഷിക സംസ്കാരം ഉണർത്തുക എന്നീ ലക്ഷ്യവുമായി ഇരവിപേരൂർ ഗ്രാമപഞ്ചായത്തിൽ മണ്ണറിവ് പദ്ധതി നടപ്പാക്കുന്നു. ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് - കൃഷിഭവൻ - പഞ്ചായത്തിലെ സർക്കാർ, എയ്ഡഡ് സ്കൂളുകൾ എന്നിവയുമായി കൈകോർത്താണ് പദ്ധതി നടപ്പാക്കുക. പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിലൂടെ പോഷകത്തോട്ടത്തിനായി തുക ചെലവഴിക്കും. കൃഷിഭവന്റെയും ഭാഗത്തുനിന്ന് മേൽ പദ്ധതികൾക്കായി സാമ്പത്തിക സഹായവും സാങ്കേതിക പിന്തുണയും നൽകും. നടീൽ മുതൽ വിളവെടുപ്പ് വരെയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും പദ്ധതി നടപ്പിലാക്കുന്ന സ്കൂളുകൾ മേൽനോട്ടം വഹിക്കും.

പദ്ധതി ഇങ്ങനെ
1. എല്ലാ സ്കൂളുകളിലും ഫാം ക്ലബ് രൂപീകരിക്കുക. ഫാം ക്ലബ് അംഗങ്ങളെ ഉൾപ്പെടുത്തി കൃഷിയിടങ്ങളിൽ പഠനയാത്രകൾ നടത്തുക.
2 പഞ്ചായത്തിലെ തിരഞ്ഞെടുത്ത ഒൻപത് സ്കൂളുകളിൽ ഗ്രോബാഗിൽ നട്ടുപിടിപ്പിച്ച 40 പച്ചക്കറി തൈകൾ നൽകും. പൂവാളി, കളമാന്തി, ജൈവവളം,മത്തിക്കഷായം, ജൈവകീടനാശിനി, മുരിങ്ങ/അഗത്തി തൈ എന്നിവയുടെ കിറ്റും വിതരണം ചെയ്യും.

രണ്ട് സ്‌കൂളുകൾക്ക് 80,000 രൂപയുടെ സഹായം


കൃഷിവകുപ്പിന്റെ സമഗ്ര പച്ചക്കറി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥാപനകൃഷിക്കായി ഓതറ ഡി.വി.എൻ.എസ്.എസ് ഹൈസ്കൂളിനെ കണ്ടെത്തി. ഇവിടെ 30 സെന്റിൽ പച്ചക്കറി കൃഷി ചെയ്യാൻ 50,000 രൂപ സഹായം നൽകും.
കൃഷിവകുപ്പിന്റെ സ്‌കൂളിലെ പോഷകത്തോട്ടം പദ്ധതിയിൽ കോഴിമല സെന്റ് മേരിസ് യു.പി.സ്കൂളിനെ തിരഞ്ഞെടുത്തു. ഇവിടുത്തെ 30 സെന്റിൽ പച്ചക്കറി കൃഷി ചെയ്യാൻ 30,000 രൂപ സഹായം നൽകും.

കർഷകദിനാഘോഷവും കാർഷിക സെമിനാറും നാളെ


തിരുവല്ല : ഇരവിപേരൂർ ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, കാർഷികവികസനസമിതി, പാടശേഖരസമിതികൾ, കൃഷിക്കൂട്ടങ്ങൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കർഷകദിനാഘോഷവും കാർഷിക സെമിനാറും നാളെ ഉച്ചയ്ക്കുശേഷം 1.30മുതൽ ഇരവിപേരൂർ ഇമ്മാനുവേൽ മാർത്തോമ്മ പാരീഷ് ഹാളിൽ നടത്തും. പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.ശശിധരൻപിള്ള ഉദ്ഘാടനം നിർവഹിക്കും. വൈസ് പ്രസിഡന്റ് സാലി ജേക്കബ് അദ്ധ്യക്ഷത വഹിക്കും. മികച്ച കർഷകരെ ആദരിക്കൽ, ഹൈടെക് ഫാമിംഗ് സംബന്ധിച്ച സെമിനാർ, കൃഷിസമൃദ്ധി - മണ്ണറിവ് പദ്ധതി പ്രകാശനം, സൗജന്യ പച്ചക്കറിതൈ വിതരണം (വഴുതന, മുളക്, പാവൽ, പയർ, പടവലം, സാലഡ് കുക്കുമ്പർ), വിവിധ കലാപരിപാടികൾ എന്നിവയുണ്ടാകും.

.....................................

കർഷകദിനത്തോടനുബന്ധിച്ച് പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം നാളെ നടത്തും.

സ്വാതി ഉല്ലാസ്

(കൃഷി ഓഫീസർ)