കൊടുമൺ : കേരള ഗാന്ധിസ്മാരക നിധിയുടെ കൊടുമൺ കേന്ദ്രത്തിനും പ്രസിദ്ധമായ ഖാദിയിലെ കാരണവർ എന്നറിയപ്പെടുന്ന കൊടുമൺ കുപ്പടം എന്നറിയപ്പെടുന്ന കുപ്പടം മുണ്ടിന്റെ പ്രസക്തി അരനൂറ്റാണ്ട് പിന്നിടുന്നു. കേരളമൊട്ടാകെ ഖാദി പ്രവർത്തനവും, തൊഴിൽ ദാനപദ്ധതിയും നടപ്പാക്കുന്നതിന്റെ ഭാഗമായി തുടങ്ങിയതാണ് കൊടുമൺ ചിലന്തിയമ്പലത്തിനു സമീപമുള്ള നെയ്ത്തു കേന്ദ്രം. ഖാദി, നെയ്ത്ത് കൂടാതെ നഴ്സറി സ്കൂൾ, ആരോഗ്യ പ്രവർത്തനം, കാർഷികമേഖല, പോഷകാഹാര പദ്ധതി, എന്നീ ക്ഷേമപ്രവർത്തനങ്ങൾ സർക്കാർ സഹായത്തോടെ നടപ്പാക്കിയിരുന്നു. അൻപതിൽപരം തൊഴിലാളികൾ ഇവിടെ ജോലി ചെയ്തിരുന്നു. ആരോഗ്യ, വിദ്യാഭ്യാസ കാർഷിക മേഖലകളിൽ സർക്കാർ കാര്യക്ഷമമായി നേരിട്ട് ശ്രദ്ധിക്കാൻ തുടങ്ങിയതോടെ ഖാദി ഉൽപ്പാദനം മാത്രമായി പ്രവർത്തനം പരിമിതപ്പെട്ടു. കൊടുമൺകുപ്പടം എന്ന വിപണി മൂല്യമുള്ള ഖാദി മുണ്ടുകളാണ് ഇവിടെ നെയ്തെടുക്കുന്നത്. പ്രത്യേക തരം ഡിസൈനും പൂവും ചേർത്ത് നെയ്തെടുക്കുന്ന കരയോടുകൂടിയതാണ് കൊടുമൺകുപ്പടം മുണ്ടുകൾ. വിദഗദ്ധരായ നൂൽ നൂൽപ്പു നെയ്ത്തുതൊഴിലാളികളുടെ സഹകരണത്തോടെയാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. ഖാദി ഗ്രാമ വ്യവസായ കമ്മിഷൻ നൽകുന്ന പഞ്ഞിത്തിരിയിൽ നിന്നും ചർക്കയിൽ നൂലെടുത്ത് ആ നൂലുകൊണ്ടാണ് മുണ്ടുകൾ നെയ്തെടുക്കുന്നത്. രാഷ്ട്രപിതാവിന്റെ ഓർമ്മകൾ നിലനിറുത്താനും, ഗ്രാമീണ തൊഴിൽ മേഖലയെ പുഷ്ടിപ്പെടുത്താനും ഇത്തരം ഗാന്ധിയൻ സ്ഥാപനങ്ങളുടെ നിലനിൽപ്പ് അനിവാര്യമാണ്. കുപ്പടം മുണ്ടുകൾ പത്തനംതിട്ട പോസ്റ്റാഫീസ് റോഡിലും ,റാന്നി എൻ.എസ്.എസ് ബിൽഡിംഗിലും , പന്തളം കോളേജ് ജംഗ്ഷനിലും അടൂർ കൊട്ടാരക്കര റോഡിലുമുള്ള ഖാദി ഗ്രാമോദ്യോഗ് ഭവനുകളിൽ ലഭ്യമാണ്.