16-mlpy-kuzhi-1
മല്ലപ്പള്ളി - ചേലക്കൊമ്പ് റോഡിലെ കുഴികൾ

മല്ലപ്പള്ളി: തിരുവല്ല - മല്ലപ്പള്ളി - ചേലക്കൊമ്പ് റോഡ് നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നു. 88കോടി മുടക്കി 2016ൽ ആരംഭിക്കുമെന്ന് അധികൃതർ റോഡ് വികസനമാണ് ഇന്നും ചുവപ്പ് നാടയിൽ കുരുങ്ങി കിടക്കുന്നത്. തിരുവല്ല മുതൽ ചേലക്കൊമ്പ് വരെയുള്ള റോഡ് തകർന്നിട്ട് നാമവശേഷമാണ്. കണ്ടും കുഴിയും കാരണം വാഹന യാത്രികരും കാൽ നട യാത്രക്കാരും ദുരിതത്തിലാണ്. കുറ്റപ്പുഴ പാലം, പായിപ്പാട്, ചെങ്ങരൂർ ഫിഷ് ഷോപ്പ് എന്നിവിടങ്ങളിലും പാമലയിലും വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. സമീപത്തുള്ള മറ്റ് റോഡുകൾ ഉന്നത നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ചിട്ടും വലിയ പദ്ധതി യാഥാർത്ഥ്യമാക്കുമെന്ന് പറഞ്ഞ് ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ് അധികൃതർ. സ്ഥലമെടുപ്പാണ് പദ്ധതി കാലതാമസത്തിന് കാരണമെന്നാണ് അധികൃതർ പറയുന്നത്. ആറ് മാസം മുൻപ് റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ തിരുവല്ല വില്ലേജ് ഓഫീസ് ഉദ്ഘാടനത്തിന് വന്നപ്പോൾ റോഡിന്റെ നിർമ്മാണ പ്രവർത്തനം ആറ് മാസത്തിനകം തുടങ്ങുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഈ റോഡിന്റെ നിർമ്മാണത്തിനുള്ള തടസങ്ങൾ എന്തെന്നോ എന്നത്തേക്ക് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നോ എം.എൽ.എയോ ഉദ്യോഗസ്ഥരോ വ്യക്തമാക്കുന്നില്ല.

സ്ഥലം ഏറ്റെടുപ്പ് പൂർത്തിയായില്ല

തിരുവല്ല- മല്ലപ്പള്ളി ചേലക്കൊമ്പ് റോഡിന്റെ സ്ഥലമേറ്റെടുപ്പിനായി സ്ഥാപിച്ച അതിരുകല്ലുകൾ സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയായിരുന്നു. എന്നാൽ നടപടിക്കൾക്കിടയിൽ ഏതാനും സ്ഥലങ്ങളുടെ സർവേ നമ്പർ വിട്ടു പോയതിനാൽ ഈ സ്ഥലം ഏറ്റെടുക്കുന്നതിന് പുതിയ നോട്ടിഫിക്കേഷൻ വേണ്ടിവരും. നിർമ്മാണ കമ്പനിയായ റികിന്റെ ഉദ്യോഗസ്ഥരും സ്‌പെഷ്യൽ തഹസീൽദാർ, സർവേയർമാർ എന്നിവർ ചേർന്നാണ് അതിർത്തിക്കല്ലുകൾ സ്ഥാപിച്ചത്. ഇവയിൽ ചിലത് ഉടമകൾ മാറ്റിയിരുന്നു. ഇതേ സ്ഥലം വീണ്ടും മാർക്ക് ചെയ്തിട്ടുണ്ട്. റോഡ് ഉന്നത നിലവാരത്തിൽ നിർമ്മിക്കാൻ തുക അനുവദിച്ചിട്ട് 6 വർഷം കഴിഞ്ഞു. സ്ഥലം ഏറ്റെടുപ്പ് പൂർത്തിയാകാത്തതാണ് നിർമ്മാണം വൈകാൻ കാരണം.

...............................

@ തിരുവല്ല- മല്ലപ്പള്ളി- ചേലക്കൊമ്പ് ദൂരം 20.4 കി.മീറ്റർ

@ റോഡിന് നിലവിലെ വീതി 8-10 മീറ്റർ

@ ഏറ്റെടുക്കേണ്ടത് 12 മീറ്റർ വീതി

@ 7 മീറ്റർ വീതിയിൽ ടാറിംഗും ഒന്നര മീറ്റർ വീതം ഷോൾഡറും നടപ്പാതയും

....................

കിഫ്ബി പദ്ധതിയിൽ നിന്ന് 88 കോടി അനുവദിച്ചു

തുക അനുവദിച്ചിട്ട് 6 വർഷം

.................................................

നിർമ്മാണം തുടങ്ങാനുള്ള നടപടിക്രമങ്ങൾ അടിയന്തരമായി പൂർത്തീകരിക്കും.

മാത്യു.ടി തോമസ്

(എം.എൽ.എ)