പന്തളം: പ്രോത്സാഹനങ്ങളും അനുമോദനങ്ങളും ജീവിത വിജയത്തിനുള്ള ചവിട്ടുപടികളാക്കി മാറ്റണമെന്ന് എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് പറഞ്ഞു. എസ്.എൻ.ഡി.പി യോഗം പന്തളം യൂണിയന്റെ നേതൃത്വത്തിൽ നടന്ന മെറിറ്റ്‌ഡേയുടെ ഭാഗമായി ഉന്നത വിജയം നേടി വിദ്യാർത്ഥികളെ അനുമോദിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഗുരുദർശനങ്ങൾ ചെറുപ്രായത്തിൽ തന്നെ ശീലമാക്കണം. ഇത് വ്യക്തി നിർമ്മാണത്തിനും അതുവഴി സാമൂഹ്യനന്മയ്ക്കും വഴിയൊരുക്കും. കലുഷിതമായ ഇന്നത്തെ കാലഘട്ടത്തിൽ ഗുരു ചിന്തകൾക്ക് ഏറെ പ്രസക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. യൂണിയനിലെ ഉന്നത വിജയം കൈവരിച്ച എല്ലാ വിദ്യാർത്ഥികളെയും അനുമോദിച്ചു.