പ്രമാടം : രാത്രിയുടെ മറവിൽ അച്ചൻകോവിലാറ്റിലെ വ്യാഴിക്കടവിന് സമീപം സാമൂഹ്യ വിരുദ്ധർ മാലിന്യം തള്ളുന്നത് പതിവാകുന്നു. ഇതിനുതാഴെയാണ് നൂറുകണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന പ്രമാടം കുടിവെള്ള പദ്ധതി സ്ഥിതി ചെയ്യുന്നത്. നേരത്തെ മഞ്ഞപ്പിത്തം ഉൾപ്പടെയുള്ള ജലജന്യ രോഗങ്ങൾ വ്യാപകമായിരുന്ന പഞ്ചായത്താണിത്. കഴിഞ്ഞ ദിവസങ്ങളിലാണ് ഇരുളിന്റെ മറവിൽ പ്ലാസ്റ്റിക് കവറുകളിലാക്കിയ ഹോട്ടൽ, ഇറച്ചിക്കട വേസ്റ്റ് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളിയത്. ഇത് തെരുവുനായ്കൾ വലിച്ചിഴച്ച് അച്ചൻകോവിലാറ്റിൽ ഉൾപ്പെടെ നിക്ഷേപിക്കുകയും ചെയ്തു. ദുർഗന്ധം വമിച്ചതോടെ റോഡിലെയും നദിയിലെയും മാലിന്യം നിറച്ച കവറുകൾ നാട്ടുകാരാണ് നീക്കം ചെയ്തത്. നേരത്തെയും ഇവിടെ മാലിന്യം തള്ളുന്നത് പതിവായിരുന്നു. ഇതേ തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ നിരീക്ഷണം ഏർപ്പെടുത്തിയതോടെയാണ് ഇത് നിലച്ചത്. മറൂർ- ഇരപ്പുകുഴി റോഡ് വികസിച്ചതോടെ ഇരുവശങ്ങളിലെയും കാട് ഇല്ലാതെയായി. തെരുവുവിളക്കുകളും പ്രകാശിക്കുന്നുണ്ട്. ഇതോടെ നാട്ടുകാരുടെ നിരീക്ഷണവും കുറഞ്ഞിരുന്നു. ഇത് മനസിലാക്കിയാണ് രാത്രിയിൽ വീണ്ടും മാലിന്യം നിക്ഷേപം തുടങ്ങിയത്. നേരത്തെ പ്രമാടത്തെ പത്തനംതിട്ടയുമായി ബന്ധിപ്പിക്കന്ന പാറക്കടവ് പാലവും പരിസരവുമായിരുന്നു സ്ഥിരം മാലിന്യ നിക്ഷേപകേന്ദ്രം. ഇവിടെ പഞ്ചായത്ത് ക്യാമറ സ്ഥാപിച്ചതോടെ പാലത്തിൽ നിന്നും പുഴയിലേക്ക് മാലിന്യം വലിച്ചെറിയുന്നത് നിലച്ചു. ഇതോടെയാണ് വലിയ ആൾത്തിരക്കില്ലാത്ത വ്യാഴി കടവ് ഭാഗം സാമൂഹ്യ വിരുദ്ധർ മാലിന്യ നിക്ഷേപത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പഞ്ചായത്തും പൊലീസും കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.