ചെങ്ങന്നൂർ: നഗരസഭയിലെ വിവിധ വാർഡുകളുടെ സമ്പൂർണ ശുചീകരണത്തിനായി നഗരസഭ പുതിയതായി ബ്രാൻഡഡ് കമ്പിനിയുടെ ആധുനീക 10 പുല്ലുവെട്ടി യന്ത്രങ്ങൾ വാങ്ങി. രണ്ടുമാസത്തിനുള്ളിൽ നഗരസഭയുടെ എല്ലാ വാർഡുകളിലേയും വഴിയോരങ്ങൾ ശുചീകരിക്കാൻ കഴിയുന്ന വിധത്തിലാണ് നഗരസഭ ശുചീകരണ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നത്. നഗരസഭയുടെ 2025- 26 വർഷത്തെ ബഡ്ജറ്റ് പ്രഖ്യാപനത്തിന്റെ ഭാഗമായാണ് പുതിയ പുല്ലുവെട്ടി യന്ത്രങ്ങൾ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയത്. ശുചീകരണത്തിന് കൂടുതൽ സജ്ജീകരണങ്ങൾ ഒരുക്കുമെന്ന ബഡ്ജറ്റ് പ്രഖ്യാപനത്തിന്റെ ആദ്യഘട്ടം എന്ന നിലയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. രണ്ടാം ഘട്ടത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ മുഖേന എല്ലാ മാസവും ഒരു മാസത്തിൽ 10പേർ മുഖേന ഓരോ വാർഡിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്താനുള്ള നടപടികളും പൂർത്തിയായി വരുന്നു. ഇതോടെ ശുചീകരണ പ്രവർത്തനങ്ങൾ ചിട്ടയായി പൂർത്തീകരിക്കാൻ നഗരസഭയ്ക്ക് കഴിയും. പുല്ലുവെട്ടി യന്ത്രങ്ങൾ മുഖേനയുള്ള വഴിയോരങ്ങളുടെ പൂർണ്ണമായ ശുചീകരണത്തിലേയ്ക്ക് പോകുമ്പോൾ സമയം ലാഭിച്ച് ശുചീകരണ തൊഴിലാളികളെ കൂടുതലായി മറ്റു പൊതുശുചീകരണ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാനും കഴിയും. നഗരസഭ ചെയർപേഴ്‌സൺ അഡ്വ.ശോഭാ വർഗീസ് പുല്ലുവെട്ടി യന്ത്രങ്ങൾ ശുചീകരണ തൊഴിലാളികൾക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ടി.കുമാരി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.ഷിബുരാജൻ, റിജോ ജോൺ ജോർജ്, സൂസമ്മ ഏബ്രഹാം, സിനി ബിജു, വി.എസ്. സവിത, എസ്. സുധാമണി, ഓമന വർഗീസ്, ടി.വി. പ്രദീപ്കുമാർ, എം.ഹബീബ്, സി. നിഷ, ജൂനിയർ അശ്വതി ജി. ശിവൻ എന്നിവർപ്രസംഗിച്ചു.