തിരുവല്ല : ടി.കെ റോഡിലെ ഇന്റർലോക്ക് ചെയ്ത വിശാലമായ നടപ്പാത പൊളിച്ചുനീക്കി വാട്ടർ അതോറിറ്റി പൈപ്പുകൾ സ്ഥാപിച്ചശേഷം പൊതുമരാമത്ത് അധികൃതർ നടപ്പാത പുനഃസ്ഥാപിച്ചപ്പോൾ വീതി പകുതിയായി കുറഞ്ഞു. മഞ്ഞാടി മുതൽ കറ്റോട് പാലം വരെയുള്ള ഭാഗത്താണ് അഞ്ചുമാസം മുമ്പ് പൈപ്പുകൾ സ്ഥാപിക്കാനായി നടപ്പാത പൊളിച്ചത്. നടപ്പാതയിൽ പാകിയിരുന്ന ഇന്റർലോക്ക് കട്ടയെല്ലാം പൊളിച്ചു സമീപത്ത് കൂട്ടിവച്ചിരുന്നു. പിന്നീട് മണ്ണ് നീക്കിയാണ് പൈപ്പുകൾ സ്ഥാപിച്ചത്. വേനൽക്കാലത്ത് നിർമ്മാണം തുടങ്ങിയെങ്കിലും ഇപ്പോൾ അവസാന ഘട്ടത്തിലാണ്. മഴക്കാലത്ത് ഉൾപ്പെടെ ജനങ്ങൾ ദുരിതമെല്ലാം സഹിച്ച് മാസങ്ങൾക്കുശേഷം നടപ്പാത പുനഃസ്ഥാപിച്ചപ്പോൾ പകുതി ഭാഗത്ത് മാത്രമാണ് ഇന്റർലോക്ക് ചെയ്തത്. ഇതുകാരണം കാൽനടയാത്രക്കാരും കച്ചവടക്കാരുമെല്ലാം ദുരിതത്തിലാണ്. നടന്നുപോകാനുള്ള വീതിപോലും ഇന്റർലോക്ക് ചെയ്തിട്ടില്ലെന്നാണ് വ്യാപാരികളും നാട്ടുകാരും പരാതിപ്പെടുന്നത്. റോഡിലെ ടാറിംഗ് കഴിഞ്ഞുള്ള പലഭാഗത്തും അഞ്ചടിയിലേറെ വരെ ഇന്റർലോക്ക് ചെയ്തിരുന്നു. എന്നാൽ പൈപ്പ് സ്ഥാപിച്ച ഭാഗത്തിന് മുകളിൽ മാത്രമാണ് ഇപ്പോൾ ഇന്റർലോക്ക് ചെയ്തിട്ടുള്ളത്. റോഡരുകിൽ അടുക്കിവച്ചിരുന്ന പഴയ കട്ടയെല്ലാം അങ്ങിങ്ങായി കിടക്കുകയാണ്. അത് ഉപയോഗിക്കാതെ പുതിയ കട്ടകൾ ഉപയോഗിച്ചാണ് ഇപ്പോൾ നടപ്പാത നിർമ്മിക്കുന്നത്. ഇപ്പോൾ ഇന്റർലോക്ക് കഴിഞ്ഞുള്ള ഭാഗത്ത് കുഴിയായി മലിനജലം കെട്ടിക്കിടക്കുകയാണ്. ഇതുകാരണം വാഹനങ്ങൾ ചീറിപ്പാഞ്ഞുപോകുന്ന റോഡിലൂടെ കുട്ടികളും വൃദ്ധരും ഉൾപ്പെടെ സുരക്ഷിതമായി നടന്നുപോകാൻ ഇടമില്ലാതെ ബുദ്ധിമുട്ടുകയാണ്. ടി.കെ.റോഡിലൂടെ സുരക്ഷിതമായി യാത്രചെയ്യാൻ നടപ്പാത നിർമ്മാണത്തിലെ അപാകതകൾ അടിയന്തരമായി പരിഹരിക്കണമെന്ന് പ്രദേശവാസികളുടെ ആവശ്യം. അതേസമയം പൈപ്പ് സ്ഥാപിച്ചശേഷം റോഡ് പൊതുമരാമത്തിന് കൈമാറിയെന്നും നടപ്പാത ഉൾപ്പെടെ പുനഃസ്ഥാപിക്കാൻ 45 ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പിന്റെ എസ്റ്റിമേറ്റ് പ്രകാരം അനുവദിച്ചെന്നും വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞു.
.......................................
ടി.കെ. റോഡിലെ ടാറിംഗ് കഴിഞ്ഞുള്ള ഭാഗത്തെ നടപ്പാത നല്ലരീതിയിൽ ഇന്റർലോക്ക് ചെയ്തിരുന്നതാണ്. ഇപ്പോൾ നടന്നുപോകാൻ പോലും ഇടമില്ല.
മാർക്കോസ്
വ്യാപാരി
............................
ടി.കെ. റോഡിലെ നടപ്പാത പുനരുദ്ധരിക്കൽ സംബന്ധിച്ച് ഉയർന്ന പരാതികൾ പരിശോധിച്ച് നടപടി സ്വീകരിക്കും.
(പൊതുമരാമത്ത്
അധികൃതർ )