കോന്നി: പ്ലാന്റേഷൻ കോർപ്പറേഷന്റെ കൊടുമൺ, ചന്ദനപ്പള്ളി എസ്റ്റേറ്റുകളിൽ നിന്ന് റബർ തടി കയറ്റി പോകുന്ന ലോറികൾ അപകട ഭീഷണി ഉയർത്തുന്നതായി പരാതി. എസ്റ്റേറ്റിലെ റബർ റീ പ്ലാൻഡ് ചെയ്ത സ്ഥലങ്ങളിലെ റബർ തടികൾ ലോറികളിൽ കയറ്റി പെരുമ്പാവൂരിലെ തടി മില്ലുകളിലേക്കാണ് പോകുന്നത്. അമിതഭാരം കയറ്റി വരുന്ന ലോറികൾ കൂടൽ ആനയടി റോഡിലെ കുരിശുംമൂട് മുതൽ നെടുമൺകാവ് വരെയുള്ള സ്ഥലങ്ങളിൽ റോഡിലെ കെ.എസ്ഇ.ബി യുടെ വൈദ്യുതി ലൈനുകൾക്ക് കേടുപാടുകൾ ഉണ്ടാക്കി കടന്നു പോകുന്നതായാണ് പരാതി. ഇത്തരത്തിൽ പ്രദേശത്ത് നിരവധി തവണ വൈദ്യുതി ലൈനുകൾ പൊട്ടി അപകട സാദ്ധ്യത ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. ദിവസവും വൈകുന്നേരത്തോടെയാണ് ലോഡ് കയറ്റിയ ലോറികൾ പോകുന്നത്. ഇതിൽ പല ലോഡുകളും അമിതഭാരം കയറ്റുന്നതും പതിവാണ്. അപകട ഭീഷണി ഉയർത്തുന്ന തടി ലോറികളുടെ അമിതഭാരം പരിശോധിക്കുവാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.