കോഴഞ്ചേരി : തിരുവല്ല -കുമ്പഴ റോഡിലെ കുഴികൾ അപകടക്കെണിയായി. . ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട പാതയിലാണ് ഇൗ സ്ഥിതി. തിരുവല്ല റെയിൽവേ മേൽപ്പാലത്തിന് സമീപം മുതൽ കുണ്ടും കുഴിയും ആരംഭിക്കുകയാണ്. പുല്ലാട്ജംഗ്ഷനിലും ചെട്ടിമുക്കിലും കുഴികളുണ്ട്. തോട്ടപ്പുഴശ്ശേരി ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിന് മുന്നിലും നെടുമ്പ്രയാർ ജംഗ്ഷനിലും കുഴികൾ യാത്രക്കാരുടെ നടുവൊടിക്കുന്നു . കോഴഞ്ചേരി പാലത്തിന് ഇരുവശവും റോഡിൽ കുഴികളാണ്. മഴപെയ്യുമ്പോൾ കുഴികളിൽ വെള്ളം നിറഞ്ഞുകിടക്കുന്നത് ഇരുചക്രവാഹനയാത്രികർക്ക് ഭീഷണിയാണ്. കോഴഞ്ചേരി ടൗണിൽ സി. കേശവൻ പ്രതിമയ്ക്ക് സമീപവും ടി. ബി ജംഗ്ഷനിലും നടു റോഡിൽ കുഴികളാണ്. തെക്കേമല ജംഗ്ഷനിലെ കുഴികൾ അപകടത്തിനും ഗതാഗതക്കുരുക്കിനും കാരണമാകുന്നു . ഇലന്തൂർ ജംഗ്ഷന് മുന്നിലായി റോഡ് കണ്ടെടുക്കാൻ ബുദ്ധിമുട്ടുംവിധം കുഴികളാണ്. കോഴഞ്ചേരിയിൽ വൺവേ റോഡിൽ ജില്ലാ വ്യവസായ വകുപ്പ് ഓഫീസിന് സമീപവും ജില്ലാ ആശുപത്രിക്കു സമീപവും റോഡ് തകർന്നുകിടക്കുകയാണ്.
മഴക്കാലത്ത് ഏറെ ദുരിതങ്ങൾ യാത്രക്കാർക്ക് സമ്മാനിക്കുന്ന റോഡിലെ കുഴികൾക്ക് വേണ്ട വിധം പരിഹാരം കാണാത്തത് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ്. ഓണക്കാലവും ആറന്മുള ഉത്രട്ടാതി ജലമേളയും ശബരിമല തീർത്ഥാടന പാത കൂടിയായ ഈ റോഡിലെ തിരക്കു വർദ്ധിപ്പിക്കുമെന്നറിഞ്ഞിട്ടും ശാശ്വത പരിഹാരത്തിന് നടപടിയില്ല. അറ്റകുറ്റപ്പണിയെന്ന പേരിൽ കോരിച്ചൊരിയുന്ന മഴയത്ത് ടാറുരുക്കി ഒഴുക്കിയത് മഴവെള്ളം കൊണ്ടുപോയപ്പോൾ ഇപ്പോൾ കുഴികളിൽ പൂട്ടുകട്ട നിറയ്ക്കുകയാണ് . ശാസ്ത്രീയമായ രീതിയിലല്ലാതെ പൂട്ടു കട്ട പാകുന്നത് വേഗത്തിൽ തന്നെ ഇളകി പോകാനും കൂടുതൽ അപകടങ്ങൾക്കും കാരണമാകുമെന്ന് നാട്ടുകാർ പറഞ്ഞു. . ഇത്തരത്തിൽ തെക്കേമലയിൽ സ്ഥാപിച്ച പൂട്ടുകട്ടൾ ഇളകിത്തുടങ്ങിയിട്ടുണ്ട്.