അടൂർ : കെ.പി റോഡിൽ അടൂർ പൊതുമരാമത്ത് വിഭാഗം നടത്തുന്ന അറ്റകുറ്റപ്പണികൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസം കോട്ടമുകൾ ജംഗ്ഷനിൽ റോഡിൽ രൂപപ്പെട്ട കുഴിയിൽ വാഴ വച്ച് നാട്ടുകാർ പ്രതിഷേധിച്ചതോടെ അടൂരിൽ വ്യാപകമായ വിമർശനങ്ങളാണ് പൊതുമരാമത്തിനെതിരെ ഉയരുന്നത്. പ്രധാന ജംഗ്‌ഷനുകളിലെല്ലാം കുഴികൾ രൂപപ്പെട്ട് അപകടങ്ങൾ പതിവായിരിക്കുകയാണ്. കെ.പി റോഡിൽ നടത്തുന്ന കുഴിയടയ്ക്കൽ പ്രവർത്തനമാണ് പ്രഹസനമായി മാറുന്നത്. കുഴിയിൽ മെറ്റിൽ ഇറക്കികുഴി മൂടി ഇടുന്ന പതിവ് തുടരുകയാണ്. എന്നാൽ ദിവസങ്ങൾക്കുള്ളിൽ തന്നെ മെറ്റിലുകൾ വാഹനങ്ങൾ പോകുമ്പോൾ തെറിച്ചു മാറി പഴയ കുഴി രൂപപ്പെടും. ഏഴംകുളം ജംഗ്‌ഷനിലും പറക്കോട് മുൻസിപ്പൽ സ്റ്റാൻഡിന് മുന്നിലും രൂപപ്പെട്ട കുഴികളിൽ ആളുകൾ വീണു പരിക്കേൽക്കുന്ന പതിവാണ്. കോട്ടമുകൾ ജംഗ്‌ഷനിലെ കുഴിയിൽ നാട്ടുകാർ വാഴ വച്ചതോടെ പൊതുമരാമത്ത് ജീവനക്കാർ ധൃതി പിടിച്ചു കുഴിയടയ്ക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. കെ.പി റോഡിലെ യാത്രാ ദുരിതം ഉന്നയിച്ച് കോൺഗ്രസ് കഴിഞ്ഞ ദിവസം സമരവുമായി രംഗത്ത് വന്നിരുന്നു. യാത്രാദുരിതം വർദ്ധിക്കുന്നതിനാൽ പൊതുമരാമത്ത് മന്ത്രിയ്ക്ക് പരാതി നല്കാൻ ഒരുങ്ങുകയാണ് അടൂരിലെ നാട്ടുകാർ.