തിരുവല്ല : ജില്ലാ ആസ്ഥാനത്തേക്കുള്ള പ്രധാന പാതയായ തിരുവല്ല - കുമ്പഴ റോഡിന്റെ തകർച്ചയും ഗതാഗതക്കുരുക്കും യാത്രക്കാർക്ക് ദുരിതമായി. ടി.കെ. റോഡ് തുടങ്ങുന്ന നഗരത്തിലെ സേവികാസംഘത്തിന് സമീപം റോഡിന് കുറുകെ കുത്തിപ്പൊളിച്ചത് ഇതുവരെയും മൂടിയിട്ടില്ല. കുഴി ദിവസങ്ങൾ കഴിയുംതോറും വലുതാകുകയാണ്. മഞ്ഞാടി മേൽപ്പാലത്തിന് സമീപം മുതൽ ഇരവിപേരൂർ വരെയുള്ള ഭാഗങ്ങളിൽ റോഡിന്റെ പലഭാഗങ്ങളും മഴക്കാലത്ത് വലിയ കുഴികൾ രൂപപ്പെട്ടു. വെള്ളക്കെട്ട് നിറഞ്ഞ ചില കുഴികൾ അടച്ചെങ്കിലും പൂർവസ്ഥിതിയിലായിട്ടില്ല. മഞ്ഞാടി മേൽപ്പാലത്തിന് താഴെ ഏറെനാളായി ഇന്റർലോക്ക് കട്ടകൾ പൊളിഞ്ഞു കിടക്കുന്നതിനാൽ കുഴികളിൽ ചാടി തെറിച്ചാണ് വാഹനങ്ങൾ ഇപ്പോഴും കടന്നുപോകുന്നത്. ജോസീസിന് സമീപത്തും ഇവാഞ്ചലിക്കൽ പള്ളിയുടെ മുന്നിലും കലുങ്ക് നിർമ്മാണത്തിന്റെ ഭാഗമായി കുഴിച്ച ഭാഗങ്ങൾ ഇപ്പോഴും ഗതാഗതയോഗ്യമാക്കിയിട്ടില്ല. കലുങ്കിന്റെ സ്ളാബുകൾ കോൺക്രീറ്റ് ചെയ്‌തെങ്കിലും കുണ്ടും കുഴിയുമായി കിടക്കുന്ന ഇവിടെ ടാറിംഗ് ജോലികൾ ബാക്കിയാണ്. തോംസൺ ബേക്കറിക്ക് സമീപത്തെ വാരിക്കുഴികൾ ഇപ്പോഴും മൂടിയിട്ടില്ല. ഇവിടെ കുഴിയിൽ വീണ് നിരവധിപ്പേർക്കാണ് പരിക്ക് പറ്റിയത്. ഒരടിയോളം താഴ്ചയുണ്ടായിരുന്ന കുഴി മണ്ണിട്ടു മൂടിയിരുന്നു. ഇപ്പോൾ ടാറിംഗ് പൊളിഞ്ഞു മണ്ണ് റോഡിലാകെ നിരന്നു കിടക്കുകയാണ്. മഴമാറിയതോടെ പൊടിശല്യവും രൂക്ഷമാണ്. മാർത്തോമ സേവികാസംഘത്തിന് സമീപത്തും റോഡ് തകർന്ന് കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. തോട്ടഭാഗത്തും വള്ളംകുളത്തും പാടത്തുംപാലത്തുമെല്ലാം റോഡിലെ കുഴികൾ യാത്രക്കാർക്ക് കെണിയായിരിക്കുകയാണ്.
.........................................
തിരക്കേറിയ റോഡിന്റെ പലഭാഗങ്ങളും തകർന്നതോടെ കുഴികളിൽ ചാടി വാഹനങ്ങൾ ഇഴഞ്ഞിഴഞ്ഞാണ് പോകുന്നത്. പൈപ്പ് സ്ഥാപിച്ച ഭാഗങ്ങളിൽ ഫുട്പാത്തിന്റെ പണികൾ നടക്കുന്നതിനാൽ കാൽനട യാത്രികരും ദുരിതത്തിലാണ്. ഈ കുഴികൾ നിറഞ്ഞ സംസ്ഥാനപാതയുടെ പുനരുദ്ധാരണം എപ്പോൾ നടക്കുമെന്ന കാര്യത്തിലും ഒരു വ്യക്തതയുമില്ല.
(വ്യാപാരികൾ)