പ്രമാടം : താലൂക്ക് ആസ്ഥാനമായ കോന്നിയിലേക്കുൾപ്പടെയുള്ള ബസുകളുടെ അഭാവം വി.കോട്ടയം പ്രദേശത്ത് യാത്രാ ക്ളേശം രൂക്ഷമാക്കുന്നു. അടൂരിനെയും കോന്നിയെയും തമ്മിൽ ബന്ധപ്പെടുത്തി ഇതുവഴി ഉണ്ടായിരുന്ന എല്ലാ കെ.എസ്.ആർ.ടി.സി സർവീസുകളും ഭൂരിഭാഗം സ്വകാര്യ ബസുകളും കൊവിഡിന് ശേഷം നിലച്ചു. ഇളപ്പാപാറ, കൈതക്കര, അന്തിച്ചന്ത പ്രദേശങ്ങളിൽ ഉള്ളവരാണ് പ്രദേശത്തെ പ്രധാന കാർഷിക വിപണന കേന്ദ്രമായ വകയാറിലും താലൂക്ക്
ആസ്ഥാനമായ കോന്നിയിലും എത്താൻ ബുദ്ധിമുട്ടുന്നത്. രാവിലെ അടൂരിൽ നിന്ന് കോന്നി മെഡിക്കൽ കോളേജിലേക്ക് വരുന്ന സ്വകാര്യ ബസ് ഒരു ട്രിപ്പ് കൊണ്ട് സർവീസ് അവസാനിപ്പിക്കും. കുമ്മണ്ണൂർ, പത്തനംതിട്ട റൂട്ടിൽ ഓടുന്ന ഒരു സ്വകാര്യ ബസ് മണിക്കൂറുകളുടെ ഇടവേളകളിലാണ് കോന്നിയിൽ എത്തുന്നത്. മിക്ക ഞായറാഴ്ചകളിലും ഈ സർവീസ് മുടക്കും. കോന്നിയിൽ നിന്ന് പത്തനംതിട്ട, വി.കോട്ടയം വഴി സർക്കുലർ സർവീസുകൾ തുടങ്ങുന്നകാര്യം നേരത്തെ ആലോചിച്ചിരുന്നെങ്കിലും നടപ്പായില്ല. പത്തനംതിട്ട, കോന്നി ഭാഗങ്ങളിലെ വിദ്യാഭ്യസ സ്ഥാപനങ്ങളിൽ പഠിക്കുന്ന നിരവധി കുട്ടികൾ ഈ പ്രദേശത്തുണ്ട്. പ്രമാടം പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നതും വി.കോട്ടയത്താണ്. ഇട സമയങ്ങളിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും ഇതിന്റെ പ്രയോജനം ഭൂരിഭാഗം കുട്ടികൾക്കും ലഭിക്കുന്നില്ല. യഥാസമയം ബസ് സർവീസ് ഇല്ലാത്തത് രോഗികളെയും ദുരിതത്തിലാക്കുന്നുണ്ട്. പ്രദേശത്തെ ജനങ്ങൾ അസുഖങ്ങൾക്ക് കോന്നി ഗവ. മെഡിക്കൽ കോളേജ്, പത്തനംതിട്ട, ജനറൽ ആശുപത്രി, കോന്നി താലൂക്ക് ആശുപത്രി എന്നിവിടങ്ങളെയാണ് ആശ്രയിക്കുന്നത്.
.......................
ബസ് ഇല്ലാത്തതുമൂലം ഒ.പി സമയം ആശുപത്രികൾ എത്താൻ കഴിയാതെയും സ്വകാര്യ വാഹനങ്ങൾക്ക് അമിത ചാർജ്ജ് നൽകിയും സാധാരണക്കാരായ നാട്ടുകാർ ബുദ്ധിമുട്ടുകയാണ്. പ്രദേശത്തെ യാത്രാ ക്ളേശം പരിഹരിക്കാൻ കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ അടിയന്തരമായി തുടങ്ങണം
(പ്രദേശവാസികൾ )