kavadam
ഇരവിപേരൂർ മുരിങ്ങശേരി എൽ.പി സ്‌കൂളിലെ പ്രവേശനകവാടം

തിരുവല്ല : ഇരവിപേരൂർ മുരിങ്ങശേരി എൽ.പി സ്‌കൂളിലെ പ്രീപ്രൈമറി കുരുന്നുകൾക്ക് ആടിപ്പാടി കളിക്കാനും പഠനം രസകരമാക്കാനും സ്റ്റാർസ് വർണക്കൂടാരം ഒരുങ്ങി. സമഗ്രശിക്ഷ കേരളയുടെ സ്റ്റാർസ് പദ്ധതിയിലൂടെ 10 ലക്ഷം രൂപ വിനിയോഗിച്ചാണ് വർണക്കൂടാരത്തിന്റെ നിർമ്മാണം. കളിയുപകരണങ്ങൾ, വരയിടം, ഹരിതോദ്യാനം, ഭാഷാവികാസം, ശാസ്ത്രാനുഭവം, ആട്ടവുംപാട്ടും, കുഞ്ഞരങ്ങ്, ഗണിതം, പഞ്ചേന്ദ്രിയ അനുഭവം, കരകൗശലം തുടങ്ങിയ മേഖലകളെ വ്യത്യസ്ത ഇടങ്ങളാക്കി മാറ്റിയാണ് പഠനം പുത്തൻ അനുഭവമാക്കുന്നത്. ചിരട്ടയും മറ്റു പാഴ്വസ്തുക്കളും കൊണ്ടുള്ള കരകൗശല വസ്തുക്കൾ, കളിപ്പാവകൾ, സംഗീതോപകരണങ്ങൾ തുടങ്ങിയവയും ഓരോ ഇടത്തിലും സജീകരിച്ചിട്ടുണ്ട്. രാജ്യാന്തര നിലവാരമുള്ള പ്രീപ്രൈമറി സ്‌കൂളുകളെ വാർത്തെടുക്കാനും ഉന്നതനിലവാരമുള്ള പഠനാന്തരീക്ഷം ഒരുക്കാനും പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷാ കേരളത്തിലൂടെ വിഭാവനം ചെയ്ത പദ്ധതിയാണ് വർണക്കൂടാരം. ക്ലാസ് മുറികളിലെ ചായംകൊണ്ട് തീർത്ത ചിത്രങ്ങൾ കുഞ്ഞുമനസിൽ കൗതുകത്തോടൊപ്പം അറിവും നിറയ്ക്കുന്നു. പ്രകൃതിയെ അറിയാൻ പക്ഷിമൃഗാദികളുടെ ശിൽപ്പവും ആമ്പൽക്കുളവും ഒരുക്കിയിട്ടുണ്ട്. പാവകൾക്കും കളിപ്പാട്ടങ്ങൾക്കും പുറമേ വിവിധ കളിഉപകരണങ്ങൾ അടങ്ങിയ വർണകൂടാരം കുട്ടികളുടെ പ്രിയ ഇടമാണ്. ശിശുസൗഹൃദ ഇരിപ്പിടങ്ങളും മേശകളും ഒരുക്കി സ്‌കൂളിനെ കൂടുതൽ ആകർഷമാക്കി.