ചെങ്ങന്നൂർ: വെൺമണിയിൽ മരം മുറിക്കുന്നതിനിടെ വടം കാലിൽ കുരുങ്ങി കാലിന്റെ അസ്ഥി പൊട്ടി മരത്തിൽ കുടുങ്ങിയ തൊഴിലാളിയെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി. വെൺമണി, അറയ്ക്കൽ കടയ്ക്കാട് സ്വദേശി അനീഷ് (40) ആണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകിട്ട് 4.15ന് വെൺമണി ആശ്രമപ്പടിക്ക് സമീപം അശോകന്റെ പറമ്പിലെ പ്ലാവ് മുറിക്കുന്നതിനിടെയാണ് സംഭവം. 60 അടി ഉയരമുള്ള പ്ലാവിൽ 40 അടി മുകളിലാണ് അനീഷ് കയറിയത്. മരക്കൊമ്പുകൾ മുറിച്ചു വടം ഉപയോഗിച്ച് താഴേക്കിടുന്നതിനിടെ വടം കാലിൽ കുടുങ്ങുകയായിരുന്നു. ഇതോടെ അനീഷിന്റെ കാലിലെ അസ്ഥി പൊട്ടി രക്തം വാർന്നൊലിക്കാൻ തുടങ്ങി. തുടർന്ന് കൂടെയുണ്ടായിരുന്ന മറ്റ് തൊഴിലാളികൾ അവശനിലയിലായ അനീഷിനെ മരത്തിൽ കെട്ടിവച്ചശേഷം ചെങ്ങന്നൂർ ഫയർഫോഴ്‌സിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് സംഘം ഏണിയും വലയും ഉപയോഗിച്ച് അനീഷിനെ സുരക്ഷിതമായി താഴെയിറക്കി കൊല്ലകടവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.