കോഴഞ്ചേരി : വീട് കുത്തിത്തുറന്ന് 24 ലക്ഷം രൂപ വില വരുന്ന സ്വർണാഭരണങ്ങളും 17000 രൂപയും കവർന്നതായി പരാതി . കടപ്ര ഇവാഞ്ചലിക്കൽ പള്ളിക്ക് സമീപം കിഴക്കേ കുറ്റിയിൽ അജിത് കുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്. 18 ന് ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി കുടുംബസമേതം പോയ അജിത് ഇന്നലെ രാവിലെ പത്തു മണിയോടെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ച നിലയിലായിരുന്നു.കിടപ്പുമുറിയുടെ വാതിലും കുത്തിത്തുറന്നു. അലമാരയും മേശയും കുത്തിത്തുറന്നാണ് പണവും സ്വർണാഭരണങ്ങളും കവർന്നത്.. 23 പവനോളം സ്വർണം നഷ്ടപ്പെട്ടിട്ടുണ്ട്. അടുക്കളയുടെ പുറത്തേക്കുള്ള വാതിലും ഇരുമ്പു ഗ്രില്ലും തുറന്നിട്ട നിലയിലായിരുന്നു. മോഷണത്തിനുപയോഗിച്ചതെന്ന് കരുതുന്ന ഇരുമ്പുകമ്പി , തടിക്കഷണം , ഒരു സഞ്ചി എന്നിവ സിറ്റൗട്ടിൽ ഉപേക്ഷിച്ചിട്ടുണ്ട്. അജിത് കുമാറിന്റെ പരാതിയിൽ കോയിപ്രം പൊലീസ് അന്വേഷണം തുടങ്ങി. വിരലടയാള വിദദ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തും . സമീപത്തുള്ള സിസി ടി വി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു വരുന്നു