കോന്നി: കോന്നി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനായി സ്ഥലംനികത്തിയതും കെട്ടിടം നിർമ്മിച്ചതും സ്വകാര്യവ്യക്തിയുടെ ഭൂമിയിലാണെന്ന് സർവേയിൽ വ്യക്തമായതോടെ നിർമ്മാണം അന്തിമഘട്ടത്തിലെത്തിയ ഡിപ്പോയുടെ ഉദ്ഘാടനം വൈകിയേക്കും. സ്ഥലം ഉടമ കോന്നി മങ്ങാരം വാലുതുണ്ടിൽ രവി നൽകിയ ഹർജിയെ തുടർന്ന് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ താലൂക്ക് സർവെയറാണ് സ്ഥലം അളന്നത്. കഴിഞ്ഞ ജൂൺ 19 നാണ് കോടതി ഉത്തരവുണ്ടായത്. രണ്ടുമാസത്തിനകം സർവേനടത്തി സ്ഥലം വേർതിരിച്ചുനൽകണമെന്നാണ് ഉത്തരവിൽ സൂചിപ്പിച്ചിരുന്നത്. രവിയുടെ ഉടമസ്ഥതയിൽ 1.10 ഏക്കർ സ്ഥലമാണ് ഇവിടെയുള്ളത്. ഡിപ്പോയ്ക്ക് വേണ്ടി പഞ്ചായത്തിന്റെ കൈവശമുണ്ടായിരുന്ന 1.93 ഏക്കറും വിലയ്ക്കുവാങ്ങിയ 48 സെന്റും ചേർത്ത് 2.41 ഏക്കറാണ് മുമ്പ് കെ.എസ്.ആർ.ടി.സിക്ക് നൽകിയത് . 2014ലാണ് കോന്നിയിൽ കെ.എസ്.ആർ.ടി.സി ഡിപ്പോ അനുവദിക്കുന്നത്. ഫെബ്രുവരി 20 ന് ചന്തയ്ക്ക് സമീപത്തെ സ്ഥലത്ത് ഡിപ്പോയ്ക്ക് തറക്കല്ലിടുകയും ചെയ്തു.
കോന്നി പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ 1. 93 ഏക്കർ സ്ഥലമാണ് ഉണ്ടായിരുന്നത്. ഡിപ്പോയ്ക്ക് അതിൽ കൂടുതൽ സ്ഥലം വേണമെന്നതിനാൽ പഞ്ചായത്തിന്റെ തനത് ഫണ്ട് ഉപയോഗിച്ച് 48 സെന്റ് സ്ഥലം വിലയ്ക്കുവാങ്ങി. ഈ സ്ഥലത്തിനൊപ്പം ഇതിനോടുചേർന്നുള്ള സ്വകാര്യഭൂമിയും നിരപ്പാക്കി. 2014 ൽ പഞ്ചായത്ത് ബസ് സ്റ്റാൻഡ് താത്കാലികമായി കെ.എസ്.ആർ.ടി.സിക്ക് വിട്ടുനൽകി അവിടെ ഓപ്പറേറ്റിംഗ് സ്റ്റേഷൻ ആരംഭിച്ചു. 2015 നവംബറിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 3 കോടി രൂപ ചെലവിലാണ് പണികൾ തുടങ്ങിയത്. അവിടെ ഓഫീസ് കെട്ടിടവും ഗ്യാരേജും നിർമ്മിക്കുകയും ചെയ്തു. തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി ഇപ്പോൾ പുതിയ കെട്ടിടവും നിർമ്മിച്ചിട്ടുണ്ട്. 2017ൽ സ്ഥലം ഉടമ ഹൈക്കോടതിയെ സമീപിച്ചു. കരമടയ്ക്കാൻ ചെന്നപ്പോൾ സ്ഥലം കെ.എസ്.ആർ.ടി.സിയുടെ പേരിലായതിനാൽ കോടതിയെ സമീപിക്കുകയായിരുന്നു.