ചെങ്ങന്നൂർ: ഒഴുക്കുനിലച്ച ഉത്തരപള്ളിയാറിന്റെ പുനരുജ്ജീവനത്തിനായി വിദഗ്ദ്ധരടങ്ങിയ പ്രത്യേക ഉദ്യോഗസ്ഥ സമിതിയെ സർക്കാർ നിയോഗിച്ചു. നദിയുടെ നവീകരണത്തിനുള്ള കർമ്മപദ്ധതി നടപ്പാക്കുന്നതിന് വിവിധ മേഖലകളിലെ വിദഗ്ദ്ധരുടെ സേവനം ആവശ്യമുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചതിനെ തുടർന്നാണ് ഈ നിർണായക നടപടി. നദിയുടെ വീണ്ടെടുപ്പിന് അനുകൂലമായ നിലപാട് സ്വീകരിച്ച സർക്കാരിന്റെ ഈ തീരുമാനം ഒരു വിഭാഗം ജനങ്ങൾക്ക് വലിയ പ്രതീക്ഷ നൽകുന്നു.
ഹൈക്കോടതിയിൽ ആലാ റൂറൽ ഡെവലപ്‌മെന്റ് ആൻഡ് കൾച്ചറൽ സൊസൈറ്റി സമർപ്പിച്ച റിട്ട് ഹർജിയെ തുടർന്നാണ് പുനരുജ്ജീവന നടപടികൾക്ക് വേഗത വന്നത്. വനം വന്യജീവി വകുപ്പ്, സംസ്ഥാന തണ്ണീർത്തട അതോറിറ്റി, ജൈവവൈവിദ്ധ്യ വകുപ്പ് എന്നിവയിൽ നിന്നുള്ള പ്രതിനിധികളെ സമിതിയിൽ ഉൾപ്പെടുത്താൻ ഹൈക്കോടതി കഴിഞ്ഞ മാസം ഇടക്കാല ഉത്തരവിൽ നിർദേശിച്ചിരുന്നു.
......................
ഉത്തരപ്പള്ളിയാർ
വെൺമണിയിൽ അച്ചൻകോവിലാറ്റിൽ നിന്ന് ഉത്ഭവിച്ച് ബുധനൂർ ഇല്ലിമലയിൽ പമ്പയാറ്റിൽ അവസാനിച്ചിരുന്ന 18 കിലോമീറ്റർ നീളമുള്ള നദിയായിരുന്നു ഉത്തരപ്പള്ളിയാർ. വെൺമണി, ആലാ, ചെറിയനാട്, പുലിയൂർ, ബുധനൂർ എന്നീ പഞ്ചായത്തുകളിലൂടെ ഒഴുകിയിരുന്ന ഈ നദി കഴിഞ്ഞ 40 വർഷമായി വെറും ഓർമ്മ മാത്രമായി മാറിയിരിക്കുന്നു. പല സ്ഥലങ്ങളിലും നദി ഒഴുകിയിരുന്ന സ്ഥലങ്ങളിൽ ഇരുനില കെട്ടിടങ്ങൾ വരെ ഉയർന്നുകഴിഞ്ഞു. വർഷങ്ങളായുള്ള കയേറ്റങ്ങളാണ് നദിയുടെ ഒഴുക്ക് പൂർണമായും ഇല്ലാതാക്കിയത്.
നഷ്ടപരിഹാരം, പ്രതീക്ഷകൾ
നദീപുന:രുജ്ജീവനത്തിനായി കൈയേറ്റങ്ങൾ ഒഴിപ്പിച്ച് നഷ്ടപരിഹാരം നൽകി സ്ഥലം ഏറ്റെടുക്കണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. വിലകൊടുത്തു വാങ്ങിയവരാണ് ഉടമസ്ഥർ എന്ന കാരണത്താലാണ് നഷ്ടപരിഹാരം ആവശ്യപ്പെടുന്നതെന്ന് സംഘടനകൾ പറയുന്നു. ഏറ്റവുമധികം കൈയേറ്റങ്ങൾ കണ്ടെത്തിയത് പുലിയൂർ, ചെറിയനാട്, ബുധനൂർ പഞ്ചായത്തുകളിലാണ്. നദി ഒഴുകിയിരുന്നതിന്റെ അടയാളങ്ങൾ ഇപ്പോഴും ഭൂമിയിൽ അവശേഷിക്കുന്നുണ്ട്. അഞ്ച് പഞ്ചായത്തുകളിലെ നൂറുകണക്കിന് പാടശേഖരങ്ങളുടെ ജലസ്രോതസായിരുന്ന ഈ നദി. കൂടാതെ പല ക്ഷേത്രങ്ങളുടെയും ആറാട്ട് കടവ് കൂടിയായിരുന്നു.
..................................
ഉത്തരപ്പള്ളിയാറിന് വീണ്ടും ജീവൻ വയ്ക്കാൻ ഈ നീക്കം സഹായകമാകുമോ എന്ന് ഉറ്റുനോക്കുകയാണ് പരിസ്ഥിതി പ്രവർത്തകരും. എല്ലാവരും പ്രതീക്ഷയിലാണ്
(നാട്ടുകാർ)
................................
1. സർവേയിൽ ചെറുതും വലുതുമായി 145 കൈയേറ്റങ്ങൾ കണ്ടെത്തി
2. കുളിയ്ക്കാംപാലം മുതൽ 2 കിലോമീറ്റർ ദൂരം നദി പൂർണമായും അപ്രത്യക്ഷമായി.