പത്തനംതിട്ട : സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾക്ക് അവധി ദിനങ്ങളിൽ യാത്രാ കൺസെഷൻ നൽകാത്ത ബസ് ഓപ്പറേറ്റർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു. അവധി ദിവസങ്ങളിൽ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾക്ക് ബസിൽ നിയമാനുസൃത യാത്രാ കൺസെഷൻ നൽകുന്നതിന് ബസ് ഓപ്പറേറ്റർമാർ വിമുഖത കാട്ടുന്നുണ്ട്. ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ്, നോഡൽ ഓഫീസർ എന്നിവരിൽ നിന്ന് ട്രാൻസ്‌പോർട്ട് കമ്മിഷണർക്ക് അറിയിപ്പ് ലഭിച്ചിരുന്നു. അവധി ദിവസങ്ങളിൽ നിയമാനുസൃത യാത്ര കൺസെഷൻ നൽകണമെന്ന് 2011 ൽ ഉത്തരവുണ്ട്. ബസ് ഓപ്പറേറ്റർമാർ ഉത്തരവ് കർശനമായി പാലിക്കണമെന്നും ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ആർ.ടി.ഒ അറിയിച്ചു.