ഉതിമൂട്: പുനലൂർ - മൂവാറ്റുപുഴ റോഡിൽ വെളിവയൽപ്പടിക്ക് സമീപം റോഡരികിൽ മണ്ണിടിഞ്ഞ് വീണ് മാസങ്ങൾക്കിപ്പുറം വീണ്ടും നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി. റോഡരികിൽ അപകടാവസ്ഥയിൽ നിന്ന വീടിന്റെ സംരക്ഷണ ഭിത്തി നിർമ്മിക്കുന്ന പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്. റാന്നിയിൽ നിന്ന് പത്തനംതിട്ടയിലേക്ക് പോകുന്ന വാഹനങ്ങൾ ഉതിമൂട് - മണ്ണാർക്കുളഞ്ഞി റോഡിലെ കയറ്റം കയറുമ്പോൾ ശ്രദ്ധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. റോഡിൽ മണ്ണിടിഞ്ഞ് കിടക്കുന്നതിനാൽ രാത്രിയാത്ര ചെയ്യുന്നവർ അപകടത്തിൽപ്പെടാൻ സാദ്ധ്യതയുണ്ട്. ഇവിടെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും രാത്രിയിൽ യാത്ര ചെയ്യുന്നവർക്ക് ഇത് പെട്ടെന്ന് കാണാൻ കഴിയില്ല. അതിനാൽ, ഈ വഴി യാത്ര ചെയ്യുന്ന വാഹനങ്ങൾ വേഗത കുറച്ച് ശ്രദ്ധയോടെ പോകണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.