locals
പരുമല പള്ളി - പനയന്നാർകാവ് റോഡ് നാട്ടുകാർ ചേർന്ന് സതാഗത യോഗ്യമാക്കുന്നു

തിരുവല്ല : തകർന്നടിഞ്ഞ പരുമല പള്ളി - പനയന്നാർകാവ് റോഡ് നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് അറ്റകുറ്റപ്പണി നടത്തി. കലാ -സാംസ്കാരിക വേദിയായ റെഡ്സ്റ്റാറിന്റെ നേതൃത്വത്തിലാണ് നാട്ടുകാർ റോഡിന്റെ അറ്റകുറ്റപ്പണി നടത്തിയത്. ഈ റോഡിലെ കലുങ്കിന്റെ സമീപത്തായി വലിയ കുഴികളും വെള്ളകെട്ടും മൂലം മാസങ്ങളായി ഗതാഗതം തടസപ്പെട്ടിരുന്നു. നാട്ടുകാർ പലതവണ റോഡ് താറുമാറായി കിടക്കുന്നത് സംബന്ധിച്ച് അധികൃതർക്ക് പല നിവേദനങ്ങൾ നൽകിയെങ്കിലും നടപടി ഉണ്ടായില്ല. ജില്ലാ പഞ്ചായത്ത് ഈ റോഡിന്റെ പുനർനിർമ്മാണത്തിനായി 11 ലക്ഷം അനുവദിക്കുകയും ടെൻഡർ ക്ഷണിക്കുകയും ചെയ്തുവെങ്കിലും കരാർ ഏറ്റെടുക്കാൻ ആരും മുന്നോട്ട് വന്നില്ല. കടപ്ര പഞ്ചായത്തും റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും പണി നടന്നില്ല. ഇതുകാരണം റോഡ് നിർമ്മാണം അനന്തമായി നീണ്ടുപോയി. അധികൃതരെ ഇനിയും കാത്തിരുന്നാൽ യാത്രാദുരിതം തീരില്ലെന്ന് മനസിലാക്കി നാട്ടുകാർ തന്നെ സംഘടിച്ച് രംഗത്തെത്തിയത്. മെറ്റൽപ്പാടിയും മറ്റും ഉപയോഗിച്ച് താത്കാലികമായാണെങ്കിലും വലിയ കുഴികളും വെള്ളകെട്ടും ഒഴിവാക്കി റോഡ് സഞ്ചാരയോഗ്യമാക്കി. റെഡ്സ്റ്റാർ രക്ഷാധികാരി ഡൊമിനിക് ജോസഫിന്റെ നേതൃത്വത്തിൽ ബേബി കുളത്തിൽ, പി.സി. ആനന്ദൻ, ജോജി ജോൺ, അജി കെ. ജോർജ്, കെ.ടി. സന്തോഷ്, ബിജു മാത്യു, ജയ്സൺ വി. ജോൺ എന്നിവരുടെ സംഘമാണ് റോഡിന്റെ അറ്റകുറ്റപ്പണികൾ ചെയ്തത്.

1. ജില്ലാ പഞ്ചായത്തിൽ നിന്ന് 11 ലക്ഷം അനുവദിച്ച റോഡ്

2. നിർമ്മാണത്തിന് കരാർ എടുക്കാൻ ആളില്ല