a

പത്തനംതിട്ട : എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്ക് മുന്നിൽ നിന്ന് സ്‌കൂട്ടർ മോഷ്ടിച്ച യുവാവിനെ പെരുമ്പുഴയിൽ വാഹനപരിശോധനയ്ക്കിടെ റാന്നി പൊലീസ് പിടികൂടി. വടശേരിക്കര ചെറുകുളഞ്ഞി പൂവത്തുംതറയിൽ റിൻസൻ മാത്യു (36)ആണ് അറസ്റ്റിലായത്. ഇടുക്കി വാഗമൺ കൊച്ചുകരിന്തിരി മലയിൽ പുതുവൽ മാമൂട്ടിൽ വീട്ടിൽ ഡാർലിമോളുടേതാണ് സ്‌കൂട്ടർ.
വാഹന പരിശോധന കണ്ട് റിൻസൻ മാത്യു പരിഭ്രമിച്ചു. സംശയം തോന്നിയ പൊലീസ് ഇയാളെ തടഞ്ഞുനിർത്തി വാഹനത്തിന്റെ രേഖകൾ ചോദിച്ചപ്പോൾ പരസ്പരവിരുദ്ധമായി മറുപടി നൽകി. ഫോർട്ട് കൊച്ചിയിലെ ഒരാളിൽ നിന്ന് 10,000 രൂപയ്ക്ക് വാങ്ങിയതാണെന്ന് ആദ്യം കളവ് പറഞ്ഞു. തുടർന്ന്, രജിസ്‌ട്രേഷൻ നമ്പർ പരിശോധിച്ചപ്പോഴാണ് വാഹനം മോഷ്ടിച്ചാണെന്ന് തിരിച്ചറിഞ്ഞത്. കഴിഞ്ഞ 14ന് സ്‌കൂട്ടർ മോഷണം പോയെന്നുകാട്ടി ഡാർലിമോളുടെ സഹോദരൻ ബിജിൻ.എഫ്.അലോഷ്യസ് പൊലീസിൽ പരാതി നൽകിയിരുന്നു ചോദ്യം ചെയ്യലുകൾക്കുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ റാന്നി സ്റ്റേഷനിൽ 2019, 2021 വർഷങ്ങളിൽ ഓരോ പോക്‌സോ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോട്ടയം റെയിൽവേ പൊലീസും മലപ്പുറം എടക്കര പൊലീസും വേറെ ഓരോ കേസുകൾ എടുത്തിട്ടുള്ളതായും അന്വേഷണത്തിൽ വ്യക്തമായി. ഇവ വിവിധ കോടതികളിൽ വിചാരണയിലാണ്.
എസ്.ഐ റെജി തോമസിന്റെ നേതൃത്വത്തിൽ എ.എസ്.ഐമാരായ അജു.കെ.അലി, സൂരജ്, എസ്.സി.പി.ഓ അജാസ്, സി.പി.ഓമാരായ പ്രസാദ്, നിധിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.