പന്തളം: ജീർണാവസ്ഥയിലായ കെട്ടിടം. അപകടകരമായ മരങ്ങൾ . പന്തളം സബ് ട്രഷറിയുടെ സ്ഥിതിയാണിത്. മഴപെയ്യുമ്പോൾ ഭീതിയോടെ കഴിയുകയാണ് ജീവനക്കാർ. സർക്കാരിന്റെ പണവും പെൻഷൻകാരുടേതുൾപ്പെടെ വിലപ്പെട്ട രേഖകളും സൂക്ഷിക്കുന്നുണ്ടെങ്കിലും സംരക്ഷണത്തിന് നടപടിയില്ല. മഴക്കാലത്തെ ചോർച്ച പരിഹരിക്കാൻ മേൽക്കൂരയിലെ ഓടിന് മുകളിൽ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയിരിക്കുകയാണ്. കെട്ടിടം പണിയാൻ ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടുണ്ടെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും നടപടിയില്ല. അറ്റകുറ്റപ്പണി നടത്തുന്നതല്ലാതെ ശാശ്വത പരിഹാരം കാണുന്നില്ല.
മുൻഭാഗത്തെ കൗണ്ടറിന്റെ മുഖം മിനുക്കുക മാത്രമാണ് ചെയ്തത്. അൻപത് വർഷത്തിലധികം പഴക്കമുള്ളതാണ് കെട്ടിടം. മഴപെയ്താൽ ജീവനക്കാർക്ക് ഉള്ളിലിരിക്കാൻ ഭയമാണ്. വെള്ളം ഉള്ളിലെത്തും, ഈർപ്പംകാരണം ഭിത്തികൾ കുതിർന്നിരിക്കുകയാണ്. വെള്ളം മേൽക്കൂരയിൽ നിന്നുമാത്രമല്ല ഭിത്തിയിലൂടെയും ഒലിച്ചിറങ്ങും. ഭിത്തിയിൽ തൊട്ടാൽ ഷോക്കടിക്കും. വെട്ടുകല്ലിൽ കെട്ടി കുമ്മായം തേച്ച ഭിത്തി നിലംപൊത്തിയേക്കുമെന്നതാണ് സ്ഥിതി. . 2018ലെ വെള്ളപ്പൊക്കത്തിൽ കെട്ടിടം കാൽഭാഗത്തോളം മുങ്ങിയതുകാരണം കൂടുതൽ ബലക്ഷയമായി. കൗണ്ടർ മുഴുവൻ ദ്രവിച്ചുവീണിരുന്നു വിലപ്പെട്ട രേഖകൾ സൂക്ഷിക്കുന്ന റെക്കോർഡ് മുറിപോലും സുരക്ഷിതമല്ലാത്ത അവസ്ഥയിലാണ്. പലതവണ സർക്കാർ ഫണ്ടുപയോഗിച്ചും ജീവനക്കാർ പണം സ്വരൂപിച്ചും നന്നാക്കാൻ ശ്രമിച്ചിട്ടും ഈർപ്പംകാരണം വീണ്ടും തകരാറിലാകും.
പണമുണ്ട് പക്ഷേ,,,,
ധനകാര്യ വകുപ്പ് ഒന്നരക്കോടി രൂപയാണ് സബ്ട്രഷറിക്ക് കെട്ടിടം പണിയുന്നതിനായി 2019- 20 ബഡ്ജറ്റിൽ അനുവദിച്ചിരുന്നത്. ഇരുനില കെട്ടിടത്തിനുള്ള പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കിയിട്ടുമുണ്ട്. പുറമ്പോക്ക് ഭൂമി ട്രഷറിക്ക് സ്വന്തമായാൽ മാത്രമേ കെട്ടിടം പണിയാൻ കഴിയു ഉദ്യോഗസ്ഥരുടെയും പെൻഷൻ കാരുടെയും വർഷങ്ങളായുള്ള ആവശ്യമാണ് ട്രഷറിക്ക് പുതിയ കെട്ടിടം പണിയുക എന്നത്. പന്തളം പഞ്ചായത്ത് വരുന്നതിനു മുമ്പ് പഞ്ചായത്ത് ഒാഫീസായി പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് ഇപ്പോഴത്തെ ട്രഷറി. ആരംഭിച്ച കാലത്ത് പഞ്ചായത്ത് വിട്ടുനൽകിയ കെട്ടിടവും രണ്ട് സർവേ നമ്പറുകളിലായി അത് നിൽക്കുന്ന 17 സെന്റ് സ്ഥലവുമാണ് ഇപ്പോൾ ട്രഷറിക്കുള്ളത്. രേഖകൾ പ്രകാരം ട്രഷറി നിൽക്കുന്നത് പുറമ്പോക്കിലാണ്. അൻപത് വർഷം മുമ്പ് ഒരുഭാഗം വാർത്ത് പുനരുദ്ധാരണവും നടത്തിയ ഭാഗത്താണ് അൽപം സുരക്ഷയുള്ളത്.