jaison-george
ജെയ്സൺ ജോർജ്ജ്

മല്ലപ്പള്ളി: കാർ വീട്ടുമുറ്റത്ത് ഇടുന്നത് തടഞ്ഞതിന് വീടുകയറി ആക്രമിച്ച് ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ രണ്ട് പേരെ പെരുമ്പെട്ടി പൊലീസ് പിടികൂടി. കോയിപ്രം വെള്ളിയറ അയിരൂർ മരിയക്കാവിൽ വീട്ടിൽ ജെയ്സൺ ജോർജ്ജ് (53), പെരുമ്പെട്ടി കൊറ്റനാട് മുക്കുഴി പൈങ്കാവിൽ വീട്ടിൽ അരുൺലാൽ(42) എന്നിവരാണ് പിടിയിലായത്. പെരുമ്പെട്ടി മുക്കുഴി സ്റ്റാർ മുക്ക് മരിയക്കാവ് വീട്ടിൽ ജോർജ്ജ് മാത്യുവിനാണ് മർദ്ദനം ഏറ്റത്. കഴിഞ്ഞ 17ന് വൈകിട്ട് 7.30നാണ് സംഭവം. ജോർജ്ജ് മാത്യുവിന്റെ ബന്ധുക്കളും അയൽവാസികളുമാണ് പ്രതികൾ. ജെയ്സന്റെ ആക്രമണത്തിൽ ജോർജ്ജ് മാത്യുവിന്റെ രണ്ട് വാരിയെല്ലുകൾ പൊട്ടുകയും, തോളിൽ ചതവ് സംഭവിക്കുകയും, ദേഹമാസകലം പരിക്കേൽക്കുകയും ചെയ്തു. ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ 21ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തുനിന്നും പിടികൂടി. കാറും കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലുകൾക്കുശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.