തിരുവല്ല : എം.സി റോഡിലും മാവേലിക്കര റോഡിലും വ്യത്യസ്തമായ അപകടങ്ങളിൽ ലോറികൾ നിയന്ത്രണം വിട്ട് മറിഞ്ഞു. ഡ്രൈവർമാർ അത്ഭുതകരമായി രക്ഷപ്പെട്ടു. തിരുവല്ല - കായംകുളം സംസ്ഥാന പാതയിലെ പൊടിയാടിയിൽ പാലത്തിന്റെ കൈവരി തകർത്ത് ലോറി തോട്ടിലേക്ക് തലകീഴായി മറിയുകയായിരുന്നു. പുത്തൻതോടിന് കുറുകയുള്ള പൊടിയാടി പാലത്തിൽ ഇന്നലെ പുലർച്ചെ രണ്ടിനാണ് അപകടം. കായംകുളത്തേക്ക് മൈദയുമായി പോവുകയായിരുന്ന ലോറിയാണ് ഇവിടെ അപകടത്തിൽപ്പെട്ടത്. തിരുവല്ല ഭാഗത്തു നിന്നെത്തിയ ലോറി കൈവരി തകർത്തു പാലത്തിൽ നിന്നും തോട്ടിലേക്ക് തലകീഴായി മറിയുകയായിരുന്നു. സമീപവാസികളും പുളിക്കീഴ് പൊലീസും ചേർന്ന് ക്യാബിനിൽ കുടുങ്ങിക്കിടന്നിരുന്ന ഡ്രൈവറെ സുരക്ഷിതമായി പുറത്തെത്തിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.
എം.സി റോഡിൽ തിരുവല്ല മഴുവങ്ങാട് ചിറയിൽ തടി കയറ്റിവന്ന ലോറിയാണ് നിയന്ത്രണം വിട്ടു മറിഞ്ഞത്. ഡ്രൈവറും ക്ലീനറും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ ആറിനാണ് ഇവിടെ അപകടം ഉണ്ടായത്. ചെങ്ങന്നൂർ ഭാഗത്തുനിന്നും റബർ തടികളുമായി പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. സംഭവം അറിഞ്ഞെത്തിയ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ ചേർന്ന് ലോറിക്കുള്ളിൽ കുടുങ്ങിക്കിടന്നിരുന്ന ഡ്രൈവറെയും ക്ലീനറെയും പുറത്തെത്തിച്ചു. ക്രെയിൻ എത്തിച്ച് തടികൾ നീക്കിയ ശേഷമാണ് ലോറി ഉയർത്തി കരയ്‌ക്കെത്തിച്ചത്.