റാന്നി: പെരുനാട് - അത്തിക്കയം റോഡിൽ യാത്രാതടസമുണ്ടാക്കിയ കാടുകൾ വെട്ടിമാറ്റി. ഇത് സംബന്ധിച്ച് കേരള കൗമുദി വാർത്ത റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടി. അപകടസാദ്ധ്യത വർദ്ധിപ്പിച്ച് റോഡിന് ഭീഷണിയായി നിന്ന കാടുകൾ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് വെട്ടിമാറ്റിയത്. മഴക്കാലത്ത് അമിതമായി വളർന്നു കാഴ്ച മറച്ചിരുന്ന കാടുകൾ കാരണം വളവുകളിൽ എതിരെ വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്ത സ്ഥിതിയായിരുന്നു. ഇത് കാൽനടയാത്രക്കാർക്കും ഇരുചക്രവാഹനക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. റോഡിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് നിരവധി തവണ നാട്ടുകാർ അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ പൊതുമരാമത്ത് വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഈ വിഷയത്തിൽ അനാസ്ഥ തുടരുകയാണെന്ന ആരോപണം ഉണ്ടായിരുന്നു. കാടുകൾ വെട്ടിമാറ്റിയതോടെ യാത്ര കൂടുതൽ സുരക്ഷിതമായി.