ചെങ്ങന്നൂർ: മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പാെലീത്താ തോമസ് മാർ അത്താനാസിയോസിന്റെ ഏഴാമത് ഓർമ്മ പെരുന്നാൾ സമാപിച്ചു. പെരുന്നാൾ കുർബാനയ്ക്ക് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിച്ചു. രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിൽ തനതായ സംഭാവനകൾ നല്കി സഭയുടെ അംബാസിഡറായി പ്രവർത്തിക്കുകയും താൻ ജീവിച്ചിരുന്ന കാലഘട്ടത്തെ തന്റെ വിശ്വാസ തീഷ്ണത കൊണ്ടും സാമൂഹ്യ ഇടപെടലുകൾ കൊണ്ടും ദീപ്തമാക്കുകയും ചെയ്ത ശ്രേഷ്ഠ വ്യക്തിത്വമായിരുന്നു തോമസ് മാർ അത്താനാസിയോസ് എന്ന് അദ്ദേഹം പറഞ്ഞു. ഡോ.ഏബ്രഹാം മാർ എപ്പിഫാനിയോസ്, ഡോ.ജോഷ്വാ മാർ നിക്കോദിമോസ് , ഡോ.മാത്യൂസ് മാർ തീമോത്തിയോസ്, അപ്രേം റമ്പാൻ, ബഞ്ചമിൻ റമ്പാൻ, ഫാ.പി.സി. തോമസ് എന്നിവർ സഹകാർമ്മികത്വം വഹിച്ചു. ചടങ്ങിൽ വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് അമയിൽ, വൈദിക സെമിനാരി പ്രിൻസിപ്പൽ ഫാ.ഡോ.ജോൺ തോമസ് കരിങ്ങാട്ടിൽ, ഭദ്രാസന സെക്രട്ടറി ഫാ.പി.കെ. കോശി എന്നിവർ സംബന്ധിച്ചു. തുടർന്ന് കബറിങ്കൽ ധൂപപ്രാർത്ഥന, ആശീർവാദം, നേർച്ച വിളമ്പ് എന്നിവ നടന്നു. 11മുതൽ ഫിലോക്സ് സ്കൂൾ ഓഫ് ലിറ്റർജിക്കൽ മ്യൂസിക്കിന്റെ നേതൃത്വത്തിൽ അഖില മലങ്കര സംഗീത മത്സരം നടന്നു. ഇന്ന് ഉച്ചയ്ക്ക് 2.30ന് ബഥേൽ അരമനയിൽ മാർ അത്താനാസിയോസ് അനുസ്മരണ സമ്മേളനവും, മാർ അത്താനാസിയോസ് മെറിറ്റ് അവാർഡ് വിതരണവും നടക്കും. ഡോ.മാത്യൂസ് മാർ തീമോത്തിയോസിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വീണാ ജോർജ് മുഖ്യ പ്രഭാഷണം നടത്തും.