lorry
മണ്ണുമായി പോകുന്ന ടിപ്പർ

ചെങ്ങന്നൂർ: ടിപ്പർ ലോറികളിൽ അലക്ഷ്യമായി മണ്ണ് കൊണ്ടുപോകുന്നതിനെതിരെ നഗരസഭാ വൈസ് ചെയർമാൻ കെ. ഷിബുരാജൻ ആർ.ഡി.ഒയ്ക്കും ഡി.വൈ.എസ്പിയ്ക്കും ജോയിന്റ് ആർ.ടി.ഒയ്ക്കും പരാതി നൽകി. ചെങ്ങന്നൂരിലും സമീപ പ്രദേശങ്ങളിലും റോഡിലൂടെ മണ്ണുമായി പോകുന്ന ടിപ്പറുകളിൽ നിന്നും ടോറസുകളിൽ നിന്നും മണ്ണ് റോഡിലേയ്ക്ക് വീഴുന്നത് പതിവാകുകയാണ്. എം.സി. റോഡ്, കോഴഞ്ചേരി റോഡ്, മാവേലിക്കര റോഡ് തുടങ്ങിയ നഗരത്തിലെ സുപ്രധാന റോഡുകളിലെല്ലാം മണ്ണ് വീണു കിടക്കുന്നത് പൊതുജനങ്ങൾക്ക് ഏറെ ദുരിതമായിരിക്കുയാണ്. നനഞ്ഞ മണ്ണ് റോഡിൽ കട്ടിയായി വീണുകിടക്കുന്നത് വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാദ്ധ്യതയുണ്ട്. വെയിൽ ആകുന്നതോടെ മണ്ണ് ഉണങ്ങി പൊടി പറന്നുള്ള ശല്യവും രൂക്ഷമാണ്. ഇരുചക്ര വാഹനങ്ങളിൽ യാത്രക്കാരും കാൽനട യാത്രക്കാരും വ്യാപാര സ്ഥാപനങ്ങളിലുള്ളവരുമാണ് ഏറെ ദുരിതത്തിലാകുന്നത്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്. മറ്റുള്ളവർക്ക് ദുരിതം ഉണ്ടാകാത്ത രീതിയിൽ സുരക്ഷിതമായി മണ്ണ് കൊണ്ടു പോകണമെന്ന നിബന്ധന ലംഘിച്ചാണ് ടിപ്പർ ഡ്രൈവർമാർ പായുന്നത്. രാവിലെയും വൈകിട്ടും കർശന നിയന്ത്രണമുള്ള സമയങ്ങളിലും മണ്ണുമായി ടിപ്പർ ലോറികൾ പോകുന്നതായും പരാതിയുണ്ട്.