photo
ഫോട്ടോ

പ്രമാടം : അത്തപ്പൂക്കൾക്ക് അഴകേകാൻ ബന്ദിപ്പൂ വസന്തം തീർത്ത് പ്രമാടം ഗ്രാമപഞ്ചായത്ത്. അത്തം ദിനമായ ഇന്ന് മുതൽ വിഷരഹിതമായ നല്ല നാടൻ ബന്ദിപ്പൂക്കളും വാടാമുല്ലയും ന്യായ വിലയിൽ കർഷകരിൽ നിന്ന് നേരിട്ടും വിപണിയിൽ നിന്നും ലഭിക്കും. ഓണക്കാലത്ത് അത്തപ്പൂവിടലിനും മറ്റ് അലങ്കാരങ്ങൾക്കും മറുനാടൻ പൂക്കളെ ആശ്രയിച്ചിരുന്ന പ്രമാടത്തുകാർ കഴിഞ്ഞ വർഷം മുതലാണ് ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ബന്ദിപ്പൂ കൃഷി തുടങ്ങിയത്. ഇത്തവണ വാടാമുല്ലയും വിളവെടുപ്പിന് തയാറായിട്ടുണ്ട്. കഴിഞ്ഞ വർഷം പഞ്ചായത്തിന് പുറമെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിപണനം നടത്തിയിരുന്നു. കർഷകർക്ക് ന്യായമായ വരുമാനവും ലഭിച്ചു. മഞ്ഞയും ഓറഞ്ചും നിറങ്ങളിലുള്ള ബന്ദിപ്പൂക്കളാണ് കാഴ്ചയുടെ വിരുന്നൊരുക്കി പൂത്തുലഞ്ഞ് നിൽക്കുന്നത്. ഒപ്പം ഇടവിളയായി വാടാമുല്ലയുമുണ്ട്. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കൃഷി ഭവന്റെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും കുടുംബശ്രീയുടെയും സഹകരണത്തോടെയാണ് കൃഷിയിറക്കിയത്. സ്വകാര്യ വ്യക്തികളും കൃഷി ചെയ്തിട്ടുണ്ട്.

തുടക്കം മുതൽ വലിയ പിൻതുണ

വിഷ രഹിതമായ ബന്ദിപ്പൂക്കൾ ന്യായ വിലയിൽ വിപണിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തുടങ്ങിയത്. തുടക്കം മുതൽ തന്നെ വലിയ പിൻതുണയാണ് കൃഷിക്ക് ലഭിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എൻ. നവനിത്തും കൃഷി ഭവൻ അധികൃതരും പറഞ്ഞു. കൂടുതൽ ആളുകൾ ബന്ദിച്ചെടി കൃഷിയിലേക്ക് ഇപ്പോൾ എത്തുന്നുണ്ട്. ഇപ്പോൾ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വലുതും ചെറുതുമായ ഒട്ടേറെ പൂന്തോട്ടങ്ങളുണ്ട്. നാലാം വാർഡിലെ പുഷ്പകൃഷി വിളവെടുപ്പ് ഇന്ന് രാവിലെ പത്തിന് ഇളകൊള്ളൂരിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ. നവനിത്ത് നിർവഹിക്കും. വാർഡ് മെമ്പർ വി.ശങ്കർ അദ്ധ്യക്ഷത വഹിക്കും. ഓണക്കാലം കഴിഞ്ഞാലും പുഷ്പ കൃഷിയുമായി മുന്നോട്ട് പോകാനാണ് പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും കർഷകരുടെയും തീരുമാനം.

.....................................

തുടർച്ചയായി ഉണ്ടായ തോരാമഴയെ തുടർന്ന് ഇത്തവണ പൂക്കൾ കുറവാണ്. എന്നാൽ കാലാവസ്ഥ അനുകൂലമായതോടെ ഓണക്കാലം കഴിഞ്ഞാലും വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണിവർ. ഓണവിപണിക്ക് പുറമെ വിവാഹം ഉൾപ്പടെയുള്ള നിരവധി ആവശ്യക്കാർ ഇതിനോടകം തങ്ങളെ സമീപിച്ചിട്ടുണ്ട്.

(കർഷകർ)​-